ജയിച്ച വിദ്യാർഥികൾ തോറ്റതായി കാലിക്കറ്റ് സർവകലാശാല; 48 വിദ്യാർഥികൾ പ്രതിസന്ധിയിൽ

August 30, 2026 - By MalappuramMedia

തേഞ്ഞിപ്പലം: പരീക്ഷയിൽ വിജയിച്ച വിദ്യാർഥികളെ പരാജയപ്പെട്ടവരാക്കി മാറ്റി കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷാഫലം. എം.കോം നാലാം സെമസ്റ്റർ പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെയാണ് മൂന്നാം സെമസ്റ്ററിൽ വിജയിച്ച 48 വിദ്യാർഥികൾ പരാജയപ്പെട്ടതായി കണ്ടെത്തിയത്.

മോഡറേഷൻ അനുവദിക്കാത്ത വിഷയങ്ങളിൽ മോഡറേഷൻ ചേർത്തതാണ് പിഴവിന് കാരണമെന്നാണ് സർവകലാശാലയുടെ വിശദീകരണം. സോഫ്റ്റ്‌വെയറിൽ മാർക്ക് രേഖപ്പെടുത്തുന്നതിനിടെയുണ്ടായ പിഴവാണ് ഫലത്തിൽ മാറ്റമുണ്ടാകാൻ കാരണമായത്.

ഏഴ് മാസം മുമ്പ് നടന്ന മൂന്നാം സെമസ്റ്റർ പരീക്ഷയിൽ വിജയിച്ച വിദ്യാർഥികളാണ് ഇപ്പോൾ പരാജയപ്പെട്ടതായി അറിയിപ്പ് ലഭിച്ചതോടെ പ്രതിസന്ധിയിലായത്. സർവകലാശാലയുടെ ഭാഗത്തുണ്ടായ സാങ്കേതിക പിഴവ് വിദ്യാർഥികളുടെ തുടർപഠനത്തെയും ഭാവിയെയും ബാധിക്കുന്ന സാഹചര്യമാണുള്ളത്.

വിദ്യാർഥികളുടെ പ്രശ്നം പരിഹരിക്കാൻ പുനർമൂല്യനിർണയമോ സപ്ലിമെന്ററി പരീക്ഷയോ നടത്തേണ്ട സാഹചര്യമാണുള്ളത്. എന്നാൽ പരീക്ഷാഫലം പുറത്തുവിട്ട് ഏഴ് മാസം പിന്നിട്ടതിനാൽ പുനർമൂല്യനിർണയത്തിന് സർവകലാശാല പ്രത്യേക തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്.

Recent

Load More