കിഴിശ്ശേരി ഓട്ടോ ഡ്രൈവറുടെ മരണം: ഫിറ്റ്‌നസ് നിഷേധിച്ചത് വാഹനത്തിലെ രൂപമാറ്റം കാരണം; അഴിമതി ആരോപണം തള്ളി ഗതാഗത കമ്മിഷണറുടെ റിപ്പോർട്ട്
ഏറനാട്: മോട്ടോർ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥരുടെ അഴിമതിയിലും പീഡനത്തിലും മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ ഗതാഗത കമ്മിഷണർ സർക്കാരിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ഓട്ടോറിക്ഷയിൽ വരുത്തിയ രൂപമാറ്റം ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടും അത് മാറ്റാൻ തയ്യാറാകാത്തതിനാലാണ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവർ ഷൗക്കത്താണ് ഇന്ന് രാവിലെ ജീവനൊടുക്കിയത്. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് എംവിഡി ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ച ശേഷമായിരുന്നു മരണം.
കൈക്കൂലി നൽകാത്തതിനാലാണ് തന്റെ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് അനുവദിക്കാതിരുന്നതെന്നും കഴിഞ്ഞ പത്ത് മാസമായി ഫിറ്റ്‌നസ് പുതുക്കുന്നതിനായി ഏജന്റുമാരുടെയും എംവിഡി ഓഫീസുകളുടെയും കയറിയിറങ്ങുകയായിരുന്നുവെന്നും ഷൗക്കത്ത് കുറിപ്പിൽ ആരോപിച്ചിരുന്നു. വാഹനം നിരത്തിലിറക്കാൻ കഴിയാതെ വന്നതോടെ വരുമാനം നിലയ്ക്കുകയും വായ്പാ തിരിച്ചടവുകൾ മുടങ്ങുകയും കടുത്ത സാമ്പത്തിക-മാനസിക പ്രതിസന്ധിയിലാവുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ വാഹനത്തിൽ വരുത്തിയ രൂപമാറ്റം നീക്കം ചെയ്യാൻ നിർദേശിച്ചിട്ടും അത് പാലിക്കാത്തതാണ് ഫിറ്റ്‌നസ് നിഷേധിക്കാൻ കാരണമെന്നാണ് ഗതാഗത കമ്മിഷണറുടെ പ്രാഥമിക റിപ്പോർട്ടിലെ കണ്ടെത്തൽ. ഇതോടെ ഷൗക്കത്ത് ഉന്നയിച്ച അഴിമതി ആരോപണങ്ങൾക്ക് റിപ്പോർട്ട് വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്.
സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയോ മാനസിക പീഡനമോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ അറിയിച്ചു. ഷൗക്കത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങളും കുറിപ്പും അന്വേഷണത്തിന്റെ ഭാഗമാക്കും. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തൊഴിലെടുത്ത് ജീവിക്കുന്ന സാധാരണക്കാരെ ദ്രോഹിക്കുന്ന സമീപനം എംവിഡി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലെന്നും ഉദ്യോഗസ്ഥർ ജനങ്ങളോട് സൗഹാർദപരമായി പെരുമാറണമെന്നും മന്ത്രി പറഞ്ഞു.
ഷൗക്കത്തിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉറപ്പാക്കുമെന്ന് കൊണ്ടോട്ടി എംഎൽഎ ടി.പി. അഷ്റഫലിയും അറിയിച്ചു. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വൈകിയതിലും ഉദ്യോഗസ്ഥരുടെ വീഴ്ചകളിലും ഉന്നതതലത്തിൽ സമഗ്ര പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
