പോത്തുകല്ലിൽ 37കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പം താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ
പോത്തുകല്ല്: 37കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. പോത്തുകല്ല് അപ്പൻകാപ്പ് നഗർ സ്വദേശിനി നിഷയാണ് മരിച്ചത്.
ബുധനാഴ്ച രാത്രി 11.30ഓടെയാണ് എട്ടുപ്പാറയിലെ പാറക്കടവിന് സമീപം നീർപ്പുഴയോട് ചേർന്നുള്ള മരങ്ങൾക്കിടയിൽ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വാഴയിലയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
ദുർഗന്ധം പുറത്തുവരുന്നത് തടയുന്നതിനായി മൃതദേഹത്തിൽ പൊടികൾ വിതറിയിരുന്നതായി പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 23 മുതൽ നിഷയെ കാണാനില്ലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
നിഷയോടൊപ്പം താമസിച്ചിരുന്ന സുരേഷ് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 2022ൽ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന സുരേഷ് ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷമാണ് നിഷയോടൊപ്പം താമസിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
സംഭവത്തിൽ പോത്തുകൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരണകാരണം വ്യക്തമായ ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
