എംവിഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഫേസ്ബുക്ക് കുറിപ്പ്; യുവാവ് ജീവനൊടുക്കി

August 27, 2026 - By Malapuram

ഏറനാട്: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ഏറനാട് കീഴ്ശേരി മുണ്ടപറമ്പ് സ്വദേശി, ഓട്ടോ ഡ്രൈവറായ ഷൗക്കത്താണ് മരിച്ചത്.

ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് ഷൗക്കത്ത് ഫേസ്ബുക്കിൽ വിശദമായ കുറിപ്പ് പങ്കുവെച്ചിരുന്നു. കൈക്കൂലി നൽകാത്തതിന്റെ പേരിൽ തന്റെ ഉപജീവനമാർഗമായ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാതെ അധികൃതർ പീഡിപ്പിച്ചുവെന്നാണ് കുറിപ്പിലെ പ്രധാന ആരോപണം.

ഫിറ്റ്നസ് പുതുക്കി ലഭിക്കുന്നതിനായി പത്ത് മാസത്തോളം ഏജന്റുമാരുടെയും മോട്ടോർ വാഹന വകുപ്പ് ഓഫീസുകളുടെയും പിന്നാലെ നടന്നിട്ടും ഫലം ഉണ്ടായില്ലെന്നും കൈക്കൂലി നൽകാത്തതിനാൽ ഫിറ്റ്നസ് നിഷേധിച്ചുവെന്നും ഷൗക്കത്ത് ആരോപിച്ചു. വാഹനം നിരത്തിലിറക്കാൻ കഴിയാതായതോടെ വരുമാനം നിലയ്ക്കുകയും വായ്പാ തിരിച്ചടവ് മുടങ്ങുകയും ചെയ്തതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്നും കുറിപ്പിൽ പറയുന്നു.

തന്റെ മരണത്തിന് കേരള മോട്ടോർ വാഹന വകുപ്പ് മാത്രമാണ് ഉത്തരവാദിയെന്നും ഷൗക്കത്ത് കുറിപ്പിൽ ആരോപിച്ചു. മരണശേഷവും തനിക്ക് നീതി ലഭിക്കുന്നതിനായി പൊതുസമൂഹം ശബ്ദമുയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ മരണം ഒരു സംവിധാനത്തിനെതിരായ പ്രതിഷേധമാണെന്നും സാധാരണക്കാർക്ക് ഓരോ ആവശ്യത്തിനും കോടതിയെ സമീപിക്കുക എളുപ്പമല്ലെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിൽ പ്രഹസനപരമായ അന്വേഷണം നടക്കുകയാണെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും ഷൗക്കത്ത് ആശങ്ക പ്രകടിപ്പിച്ചു. വാഹനത്തിൽ നടത്തിയ സ്റ്റീൽ വർക്കിന്റെ പേരിൽ വാഹനം അൺഫിറ്റാണെന്ന് വരുത്തിത്തീർക്കാൻ വകുപ്പ് ശ്രമിച്ചേക്കാമെന്നും, എന്നാൽ ഇതേ വാഹനം മുമ്പ് രണ്ട് തവണ ഇതേ വകുപ്പ് ഫിറ്റ്നസ് സർട്ടിഫൈ ചെയ്തിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു.

വിഷയത്തിൽ ആഭ്യന്തര വകുപ്പും ഹൈക്കോടതിയും നേരിട്ട് ഇടപെടണമെന്നും ഷൗക്കത്ത് ആവശ്യപ്പെട്ടു. മോട്ടോർ വാഹന വകുപ്പിലെ അഴിമതിക്ക് പ്രധാന കാരണം ഏജന്റ് സംവിധാനമാണെന്നും ഇടനിലക്കാരെ ഒഴിവാക്കിയാൽ അഴിമതിയുടെ വലിയൊരു ഭാഗം ഇല്ലാതാക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഴിമതിക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും ഔദ്യോഗിക കാര്യങ്ങളിൽ വിവരാവകാശ നിയമം ഫലപ്രദമായി ഉപയോഗിക്കണമെന്നും ആഹ്വാനം ചെയ്താണ് കുറിപ്പ് അവസാനിക്കുന്നത്.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷൗക്കത്ത് ഉന്നയിച്ച ആരോപണങ്ങളിൽ അധികൃതരുടെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആത്മഹത്യാ ചിന്തകളോ കടുത്ത മാനസിക വിഷമമോ അനുഭവപ്പെടുന്നവർ വിശ്വസിക്കുന്ന വ്യക്തികളുടെയോ മാനസികാരോഗ്യ വിദഗ്ധരുടെയോ സഹായം തേടുക. കേരളത്തിലെ ‘ദിശ’ ഹെൽപ് ലൈൻ: 1056 / 0471 2552056)

Recent

Load More