തകരാറിലായ ഐഫോൺ മാറ്റിനൽകിയില്ല; തിരൂർ സ്വദേശിക്ക് 1.09 ലക്ഷം രൂപ നഷ്ടപരിഹാരം

August 27, 2026 - By Malapuram

തിരൂർ: തകരാറിലായ ഐഫോൺ പലതവണ സർവീസ് ചെയ്തിട്ടും പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്ന് ഉപഭോക്താവിന് 1,09,250 രൂപ നഷ്ടപരിഹാരം നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. തിരൂർ പുറത്തൂർ ചേന്നര സ്വദേശി ഫൈസലിനാണ് അനുകൂല വിധി.

മകന്റെ പഠനാവശ്യങ്ങൾക്കായി 2023 സെപ്റ്റംബർ 13നാണ് ഫൈസൽ ഐഫോൺ 14 പ്ലസ് വാങ്ങിയത്. എന്നാൽ വാങ്ങി ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ഫോണിൽ തകരാറുകൾ ശ്രദ്ധയിൽപ്പെട്ടു. ഫോൺ അമിതമായി ചൂടാകുന്നതും മുൻ ക്യാമറയുടെ ചിത്രങ്ങളുടെ വ്യക്തത മോശമായതുമായിരുന്നു പ്രധാന പരാതികൾ.

തകരാർ പരിഹരിക്കുന്നതിനായി ഫൈസലും മകനും അഞ്ചാറ് തവണ അംഗീകൃത സർവീസ് സെന്ററിനെ സമീപിച്ചെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ല. തുടർന്ന് വാറന്റി കാലയളവിനുള്ളിൽ ഫോൺ മാറ്റിനൽകുകയോ പണം തിരികെ നൽകുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും കമ്പനി വീണ്ടും അറ്റകുറ്റപ്പണി നടത്തി നൽകാമെന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് പരാതി.

ഇതോടെയാണ് ഫൈസൽ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. പരാതിക്കാരന്റെ വാദങ്ങൾ പരിഗണിച്ച കമ്മീഷൻ, ഫോണിനും ചാർജറിനും ഉൾപ്പെടെയുള്ള അനുബന്ധ സാധനങ്ങൾക്കുമായി ചെലവായ 92,250 രൂപ തിരികെ നൽകാൻ ഉത്തരവിട്ടു. കൂടാതെ, അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടിനും മനോവിഷമത്തിനും 10,000 രൂപ നഷ്ടപരിഹാരവും, കേസ് ചെലവായി 7,000 രൂപയും നൽകണം.

ഇതോടെ ആകെ 1,09,250 രൂപയാണ് കമ്പനി ഫൈസലിന് നൽകേണ്ടത്. വിധി പ്രസ്താവിച്ച തീയതി മുതൽ 45 ദിവസത്തിനകം തുക നൽകണമെന്നും ഉത്തരവിലുണ്ട്. നിശ്ചിത കാലയളവിനുള്ളിൽ തുക നൽകാത്ത പക്ഷം ഒമ്പത് ശതമാനം വാർഷിക പലിശ സഹിതം നൽകേണ്ടിവരും.

വാറന്റി കാലയളവിൽ ഉൽപ്പന്നത്തിന് തകരാർ സംഭവിച്ചാൽ ഉപഭോക്താവിന് ലഭിക്കേണ്ട പരിഹാരം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് കമ്മീഷന്റെ വിധി.

Category: തിരൂർ

Recent

Load More