ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പിടികൂടുന്നതിനിടെ ആർപിഎഫ് ഉദ്യോഗസ്ഥന് തലയ്ക്കടിയേറ്റു

August 27, 2026 - By Malapuram

തിരൂർ: ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ കയറി പിടിച്ച് ശുചിമുറിയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അസം സ്വദേശി റോയൽ രാജു (30) അറസ്റ്റിൽ. പ്രതിയെ പിടികൂടുന്നതിനിടെ ആർപിഎഫ് ഉദ്യോഗസ്ഥന് മർദനമേറ്റു.

കോയമ്പത്തൂർ–മംഗളൂരു ട്രെയിൻ ബുധനാഴ്ച ഉച്ചയോടെ ഷൊർണൂർ പിന്നിട്ട ശേഷമാണ് സംഭവം. ശുചിമുറിയിലേക്ക് വലിച്ചിഴയ്ക്കുന്നതിനിടെ യുവതി പ്രതിയുടെ പിടിയിൽനിന്ന് കുതറിമാറി രക്ഷപ്പെട്ടു. തുടർന്ന് സഹയാത്രികർ റെയിൽവേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

ട്രെയിൻ തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ആർപിഎഫ് ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടാൻ ശ്രമിച്ചു. ഇതിനിടെ പ്രതി ആർപിഎഫ് എ.എസ്.ഐ. ശശിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രതിയെ നിയന്ത്രണത്തിലാക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് തിരൂർ പൊലീസിൽ വിവരമറിയിച്ചതോടെ എസ്.എച്ച്.ഒ. ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റെയിൽവേ സ്റ്റേഷനിലെത്തി. പൊലീസിനെതിരെയും പ്രതി അക്രമാസക്തമായതോടെ മൽപിടിത്തത്തിലൂടെയാണ് ഇയാളെ കീഴടക്കിയത്. തുടർന്ന് പ്രതിയെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു.

പരിക്കേറ്റ ആർപിഎഫ് എ.എസ്.ഐ. ശശിയെയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് ചെറുവത്തൂർ സ്വദേശിയായ ശശി (57) മികച്ച സേവനത്തിനുള്ള 2026ലെ റെയിൽ സേവാ പുരസ്‌കാരം നേടിയ ഉദ്യോഗസ്ഥനാണ്. സംഭവത്തിൽ തിരൂർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Category: തിരൂർ

Recent

Load More