പൊന്നാനിയിലെ മുഴുവൻ സ്‌കൂളുകളിലും എഐ ലാബുകൾ; പ്രത്യേക പദ്ധതിയുമായി എംഎൽഎ കെ പി നൗഷാദ് അലി
പൊന്നാനി: പൊന്നാനി നിയോജക മണ്ഡലത്തിലെ മുഴുവൻ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ലാബുകൾ സ്ഥാപിക്കാൻ പ്രത്യേക പദ്ധതിക്ക് രൂപം നൽകുന്നു. കെ പി നൗഷാദ് അലി എംഎൽഎയാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.
10 മുതൽ 20 ലക്ഷം രൂപ വരെ ചെലവഴിച്ചാണ് ഓരോ സ്‌കൂളിലും എഐ ലാബുകൾ സ്ഥാപിക്കുക. ആദ്യഘട്ടത്തിൽ സർക്കാർ സ്‌കൂളുകളിലായിരിക്കും പദ്ധതി നടപ്പാക്കുക. എഐ സംവിധാനത്തിലെ വിവിധ ടൂളുകൾ പരിചയപ്പെടുത്തുന്ന രീതിയിലായിരിക്കും ലാബുകൾ സജ്ജീകരിക്കുക. പാഠ്യപദ്ധതിക്ക് പുറമെ ഇതിനായി പ്രത്യേക സിലബസും തയ്യാറാക്കും.
ആദ്യഘട്ടത്തിൽ അധ്യാപകർക്ക് എഐ സാധ്യതകളിൽ പരിശീലനം നൽകും. എഐ ഉപയോഗിച്ച് പഠിപ്പിക്കാവുന്ന പാഠഭാഗങ്ങൾ അധ്യാപകർ കണ്ടെത്തുകയും തുടർന്ന് വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുകയും ചെയ്യും. ഏഴാം ക്ലാസ് പൂർത്തിയാകുമ്പോഴേക്കും എഐയുടെ സാധ്യതകൾ വിദ്യാർഥികൾക്ക് മനസ്സിലാക്കാൻ കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക്‌സും ക്ലാസ് മുറി പഠനത്തിന്റെ ഭാഗമാക്കുന്നതിലൂടെ ആധുനിക സാങ്കേതികവിദ്യകളിൽ പ്രായോഗിക പരിശീലനം നൽകുകയാണ് ലക്ഷ്യം.
ഇതോടൊപ്പം മുഴുവൻ സ്‌കൂളുകളിലും കുട്ടികളുടെ അഭിരുചി കണ്ടെത്തുന്നതിനുള്ള പദ്ധതിയും നടപ്പാക്കും. വ്യത്യസ്ത അഭിരുചികളുള്ള കുട്ടികളെ കണ്ടെത്തി അവരുടെ തൊഴിൽ നൈപുണ്യം വളർത്തുന്നതിനുള്ള ഇടപെടലുകൾ നടത്തും. ഒരേ അഭിരുചിയുള്ള കുട്ടികളെ ഗ്രൂപ്പുകളാക്കി പരിശീലനം നൽകുകയും മികവ് തെളിയിക്കുന്നവർക്ക് തൊഴിൽ പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യും.
ക്ലാസ് മുറിയിൽ ഒരു കുട്ടിയും മോശക്കാരനല്ലെന്ന ബോധ്യം വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എംഎൽഎ പറഞ്ഞു. ഓരോ കുട്ടിക്കും ഏതെങ്കിലും തരത്തിലുള്ള കഴിവുകളുണ്ടെന്നും അത് തിരിച്ചറിഞ്ഞ് സ്‌കൂൾതലം മുതൽ തന്നെ കുട്ടികളെ തൊഴിൽതൽപ്പരരാക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
