21 ലക്ഷം രൂപയുടെ സ്റ്റീൽ പൈപ്പുകൾ തട്ടിയെടുത്തു; ലോറി ഡ്രൈവർ അറസ്റ്റിൽ

August 25, 2026 - By MalappuramMedia



വളാഞ്ചേരി:  21 ലക്ഷം രൂപ വിലവരുന്ന സ്റ്റീൽ പൈപ്പുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാതെ കടത്തിക്കൊണ്ടുപോയി വിൽപ്പന നടത്തിയ ലോറി ഡ്രൈവറെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. തിരുനാവായ ചന്ദനക്കാവ് അനന്താവൂർ സ്വദേശി പാറപ്പുറത്ത് വീട്ടിൽ അബ്ദുൽ സമീറാണ് പിടിയിലായത്.

ജൂലൈ 4ന് തെലങ്കാനയിൽ നിന്ന് മലപ്പുറം വലിയപറമ്പിലെ വിജിസി സ്ഥാപനത്തിലേക്ക് അയച്ച സ്റ്റീൽ പൈപ്പുകളാണ് ലോറിയിലെ ഡ്രൈവറായ പ്രതി തട്ടിയെടുത്തത്.  സ്ഥാപനത്തിലെത്തിക്കാതെ വളാഞ്ചേരി ഭാഗത്തേക്ക് കൊണ്ടുപോയ ശേഷം വിവിധ സ്ഥലങ്ങളിൽ വിൽക്കുകയായിരുന്നു. ലഭിച്ച പണം സ്വന്തം ആവശ്യങ്ങൾക്കും കടങ്ങൾ തീർക്കാനുമാണ് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.

ചരക്ക് എത്താതിരുന്നതിനെ തുടർന്ന് കമ്പനി സെയിൽസ് മാനേജർ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഒളിവിൽ പോയ പ്രതിയെ പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിലുള്ള ഭാര്യവീട്ടിൽ നിന്ന് പോലീസ് സംഘം പിടികൂടുകയായിരുന്നു.

വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ രഞ്ജിത്ത് കെ.ആർ., എസ്.എച്ച്.ഒ. സബ് ഇൻസ്പെക്ടർ ഫിറോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Recent

Load More