കുഞ്ഞുജീവൻ രക്ഷിച്ച സൗമ്യയുടെ കുടുംബത്തിന് നാടിന്റെ പൊന്നോണ സമ്മാനം

August 25, 2026 - By North Malappuram

നിലമ്പൂർ : എടവണ്ണയിലെ കുളത്തിൽ മുങ്ങിത്താഴ്ന്ന കുഞ്ഞിനെ സ്വന്തം ജീവൻപോലും നോക്കാതെ രക്ഷിച്ച സൗമ്യയ്ക്കും കുടുംബത്തിനും പൊന്നോണ സമ്മാനമായി നാട്ടുകാരുടെ കരുതൽ. വീടുനിർമാണത്തിനായി ആധാരം പണയപ്പെടുത്തി എടുത്തിരുന്ന 85,000 രൂപയുടെ വായ്പാബാധ്യതയാണ് കുടുംബകൂട്ടായ്മ ഏറ്റെടുത്തത്.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് എളയേടത്ത് ഷാഹിദിന്റെയും ടി.വി. സുഹൈലയുടെയും മകൻ ഹാദി കുളത്തിൽ വീണത്. സംഭവം കണ്ടത് അയൽവാസിയും കൂട്ടുകാരനുമായ ആരവ്. ഉടൻ അമ്മ സൗമ്യയെ വിവരമറിയിക്കുകയും സൗമ്യ ഓടിയെത്തി കുളത്തിലേക്ക് ചാടിയിറങ്ങി ഹാദിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.

പെരിന്തൽമണ്ണ അൽഷിഫ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഹാദി പിന്നീട് സുഖം പ്രാപിച്ചു.

ചെവിടിക്കുഴി ഗ്രാമത്തിലെ ഓണാഘോഷച്ചടങ്ങിനിടെയാണ് സൗമ്യയുടെ കുടുംബത്തിനുള്ള സഹായം പ്രഖ്യാപിച്ചത്. വാർഡംഗം പി. സുജിത, പഞ്ചായത്തംഗം പാങ്ങോട്ടിൽ പ്രദീപ് എന്നിവരുടെ സാന്നിധ്യത്തിൽ എളയേടത്ത് കുടുംബകൂട്ടായ്മ വായ്പാബാധ്യത തീർക്കാനുള്ള തുക കൈമാറി.

കുഞ്ഞിനെ രക്ഷിക്കാൻ ധൈര്യത്തോടെ മുന്നിട്ടിറങ്ങിയ സൗമ്യയ്ക്ക് ആദരമായി ആരവിന് ഒരു സൈക്കിളും സമ്മാനിച്ചു. നന്മയ്ക്ക് നാടൊന്നാകെ നൽകിയ സ്നേഹത്തിന്റെ ഓർമയായി ഈ പൊന്നോണ സമ്മാനം മാറി.

Recent

Load More