പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണസദ്യ; പങ്കെടുത്തത് 800-ഓളം പേർ
ഇത് മലപ്പുറം മോഡൽ
കാളികാവ്: ഓണാഘോഷത്തിന്റെ ഭാഗമായി പള്ളിമുറ്റത്ത് സ്നേഹസദ്യ ഒരുക്കി മലപ്പുറത്തിന്റെ മതസൗഹാർദത്തിന്റെ മാതൃകയായി മമ്പാട്ടുമൂല. കാളികാവ് ചോക്കാട് പഞ്ചായത്തിലെ പാറൽ മമ്പാട്ടുമൂലയിലാണ് ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹ ഓണസദ്യ സംഘടിപ്പിച്ചത്.
മമ്പാട്ടുമൂല പള്ളിയിൽ മുസ്‌ലിം സഹോദരങ്ങൾ നമസ്കരിക്കുമ്പോൾ തൊട്ടടുത്തുള്ള പാറൽ അയ്യപ്പക്ഷേത്രത്തിന്റെ ഭാരവാഹികൾ ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങളിലായിരുന്നു. നമസ്കാരം കഴിഞ്ഞെത്തിയവരും നാട്ടുകാരും പുറമേ നിന്നെത്തിയവരുമടക്കം 800-ഓളം പേർ പള്ളിമുറ്റത്ത് ഒരുമിച്ചിരുന്ന് ഓണസദ്യ കഴിച്ചു.
സദ്യയ്ക്കായി പള്ളിമുറ്റത്ത് വലിയ പന്തലാണ് ഒരുക്കിയത്. ക്ഷേത്രവും പള്ളിയും തൊട്ടടുത്തായുള്ള പ്രദേശത്ത് വർഷങ്ങളായി തുടരുന്ന പരസ്പര സ്നേഹവും സഹകരണവുമാണ് ഓണാഘോഷത്തിലും പ്രതിഫലിച്ചത്. കുട്ടിക്കാലം മുതൽ കണ്ടുവളർന്ന സൗഹൃദവും സഹകരണവുമാണ് ഇന്നും തുടരുന്നതെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
പള്ളിയുടെ മിനാരത്തിനുസമീപം ക്ഷേത്രത്തിന്റെ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. മതഭേദമന്യേ ഒരുമിച്ച് ആഘോഷിച്ച ഓണസദ്യ നാട്ടിലെ ഐക്യത്തിന്റെയും സൗഹാർദത്തിന്റെയും വേറിട്ട മാതൃകയായി.
മമ്പാട്ടുമൂല പാറൽ അയ്യപ്പക്ഷേത്രം പ്രസിഡന്റ് എലമ്പ്ര വേലായുധൻ, സെക്രട്ടറി എ.കെ. ശശീന്ദ്രൻ, ട്രഷറർ കുട്ടശ്ശേരി സുരേഷ് ബാബു, ഭാരവാഹികളായ കുണ്ടുമഠത്തിൽ രഘുനാഥ്, കുട്ടശ്ശേരി മോഹൻദാസ്, ആക്കോടൻ സുധാകരൻ, സിറാജുൽ ഹുദാ മദ്രസ സദർ മുഅല്ലിം ശിഹാബ് ദാരിമി, മസ്ജിദ് പ്രസിഡന്റ് ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്, സെക്രട്ടറി മുഹമ്മദ് ഷമീർ, ട്രഷറർ ഇബ്രാഹീം തുടങ്ങിയവർ നേതൃത്വം നൽകി.
