ട്രെയിൻയാത്രക്കാരുടെ മൊബൈൽ കവർന്ന മലപ്പുറം സ്വദേശിയടക്കം രണ്ടുപേർ അറസ്റ്റിൽ
ഷൊർണൂർ: ട്രെയിൻയാത്രക്കാരിൽനിന്ന് മൊബൈൽ ഫോണുകൾ കവർന്ന കേസിൽ മലപ്പുറം സ്വദേശിയടക്കം രണ്ടുപേരെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ആദിതടത്തിൽ സാദിഖലി, അസം കലിഗോൺ സ്വദേശി കാജൻചന്ദ്ര റായ് എന്നിവരാണ് അറസ്റ്റിലായത്.
കൊണ്ടോട്ടി സ്വദേശിയായ മുജീബ് റഹ്മാന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലാണ് സാദിഖലിയെ അറസ്റ്റ് ചെയ്തത്. കുന്നംകുളം കടവല്ലൂർ സ്വദേശി കൃഷ്ണദാസിന്റെ ഫോൺ കവർന്ന കേസിലാണ് കാജൻചന്ദ്ര റായിയെ പിടികൂടിയത്.
കഴിഞ്ഞ 17ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ആറാം നമ്പർ പ്ലാറ്റ്‌ഫോമിൽ മൊബൈൽ ചാർജ് ചെയ്യുന്നതിനിടെയാണ് മുജീബ് റഹ്മാന്റെ ഫോൺ മോഷണം പോയത്. മോഷ്ടിച്ച മൊബൈൽ ഫോണുകൾ അടുത്ത തീവണ്ടിയിൽ തിരൂരിലെത്തിച്ച് റിപ്പയറിങ് സ്ഥാപനങ്ങളിൽ വിൽക്കുന്നതായിരുന്നു രീതിയെന്ന് പോലീസ് പറഞ്ഞു.
മോഷണത്തിനിറങ്ങുമ്പോൾ സ്വന്തം മൊബൈൽ ഫോൺ വീട്ടിൽവെച്ചുപോകുന്നത് പോലീസിനെ വഴിതെറ്റിക്കാനായിരുന്നെന്നും കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് സാദിഖലിയെ പിടികൂടിയത്.
