കൊമ്പൻസ് താരം ബാദിഷടക്കം നാല് താരങ്ങളെ സൈൻ ചെയ്ത് മലപ്പുറം എഫ്.സി.
മലപ്പുറം: കഴിഞ്ഞ സൂപ്പർ ലീഗ് കേരള സീസണിൽ തിരുവനന്തപുരം കൊമ്പൻസിനായി മികച്ച പ്രകടനം കാഴ്ചവെച്ച അബ്ദുൽ ബാദിഷടക്കം നാല് താരങ്ങളെ ടീമിലെത്തിച്ച് മലപ്പുറം എഫ്.സി. റിസ്‌വാൻ ഷൗക്കത്ത്, പ്രബഞ്ച് പ്രസാദ്, ഹാഷിർ എന്നിവരാണ് ടീമിലെത്തിയ മറ്റ് താരങ്ങൾ.
മലപ്പുറം തിരൂർ സ്വദേശിയായ 24-കാരൻ അബ്ദുൽ ബാദിഷ് റൈറ്റ് ബാക്ക് പൊസിഷനിലാണ് പ്രധാനമായും കളിക്കുന്നത്. കഴിഞ്ഞ സീസണിൽ കൊമ്പൻസിനായി 10 മത്സരങ്ങളിൽ കളിച്ച താരം മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കി. കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം, സ്‌പോർട്ടിംഗ് ക്ലബ് ബെംഗളൂരു, മുത്തൂറ്റ് എഫ്.എ. തുടങ്ങിയ ടീമുകൾക്കായും ബൂട്ടണിഞ്ഞിട്ടുണ്ട്.
26-കാരനായ റിസ്‌വാൻ ഷൗക്കത്ത് ലെഫ്റ്റ് വിംഗറായാണ് പ്രധാനമായും കളിക്കുന്നത്. റൈറ്റ് വിംഗിലും അറ്റാക്കിംഗ് മിഡ്ഫീൽഡറായും കളിക്കാൻ കഴിവുള്ള താരമാണ്. ബിദാനാസി ക്ലബ്, ഭവാനിപ്പൂർ എഫ്.സി., ഹാൽ എസ്.സി., വയനാട് യുണൈറ്റഡ് എഫ്.സി., കേരള യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകൾക്കായി കളിച്ചിട്ടുള്ള റിസ്‌വാൻ 2023-24 സീസണിൽ കേരള യുണൈറ്റഡിനൊപ്പം കെ.പി.എൽ. കിരീടവും നേടിയിട്ടുണ്ട്. അവസാനമായി വെസ്റ്റ് ബംഗാളിലെ റോയൽ സിറ്റി എഫ്.സിക്കായാണ് കളിച്ചത്.
കേരള പ്രീമിയർ ലീഗിൽ മികവ് തെളിയിച്ച 21-കാരനായ തൃശൂർ സ്വദേശി പ്രബഞ്ച് പ്രസാദും മലപ്പുറം എഫ്.സിയുടെ ഭാഗമാകും. എഫ്.സി. കേരളയുടെ ജൂനിയർ ടീമിലൂടെ വളർന്ന പ്രബഞ്ച് സീനിയർ ടീമിലേക്കും എത്തി. എഫ്.സി. കേരളയ്ക്കും കെ.എസ്.ഇ.ബി. ടീമിനുമായി കേരള പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തിയ താരം ഗോളടിക്കുന്നതിലും ഗോളുകൾക്ക് വഴിയൊരുക്കുന്നതിലും മികവ് തെളിയിച്ചിട്ടുണ്ട്.
മലപ്പുറം കൊളത്തൂർ സ്വദേശിയായ 21-കാരൻ ഹാഷിറാണ് ടീമിലെത്തിയ മറ്റൊരു താരം. വിംഗുകളിൽ അതിവേഗ നീക്കങ്ങളും മികച്ച ബോൾ കൺട്രോളും കൊണ്ട് ശ്രദ്ധേയനായ ഹാഷിർ ഗോകുലം കേരള എഫ്.സിയുടെ യൂത്ത് ടീമിലൂടെയും പി.എഫ്.സി. കേരളയിലൂടെയുമാണ് വളർന്നത്. കഴിഞ്ഞ കേരള പ്രീമിയർ ലീഗിൽ റണ്ണേഴ്‌സ് അപ്പായ കാലിക്കറ്റ് എഫ്.സിയുടെ താരമായിരുന്നു.
നാല് താരങ്ങളുടെയും വരവോടെ വരാനിരിക്കുന്ന സീസണിൽ കൂടുതൽ കരുത്തുറ്റ ടീമിനെയാണ് മലപ്പുറം എഫ്.സി. ലക്ഷ്യമിടുന്നത്.
