ചാലിയാർ പുഴയിലെ തുരുത്തിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി.
നിലമ്പൂർ: പാറക്കടവിന് താഴെ ചാലിയാർ പുഴയിലെ അക്കരെ തുരുത്തിൽ കുടുങ്ങിയ മൂന്ന് പേരെ നിലമ്പൂർ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം.
ജോലി സംബന്ധമായി അക്കരെ പോയ ആലിപൊയിൽ ഫാസിൽ ഓടായിക്കൽ, പുലവഴി ഫൈസൽ ഓടായിക്കൽ, എരുമത്തടത്തിൽ ജിതേഷ് നിലമ്പൂർ എന്നിവരാണ് പുഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് തുരുത്തിൽ കുടുങ്ങിയത്.
സ്റ്റേഷൻ ഓഫീസർ കെ.പി. ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ. രാജേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മുഹമ്മദ് ഷാഫി, പി. നിഖിൽ, കെ. ശ്രീരാജ്, എ. വിപിൻ, ഉണ്ണികൃഷ്ണൻ, ഹോം ഗാർഡുമാരായ പി.സി. ചാക്കോ, എം.സി. പ്രകാശ്, ഷിബു ജോൺ എന്നിവരും നാട്ടുകാരും ചേർന്നാണ് മൂന്നുപേരെയും സുരക്ഷിതമായി കരയിലെത്തിച്ചത്.
