വഴിയിടം പദ്ധതി ഉപയോഗശൂന്യമെന്ന് പരാതി

August 25, 2026 - By North Malappuram



കരുവാരകുണ്ട്: പൊതുജനങ്ങൾക്ക് വിശ്രമിക്കാനും യാത്രക്കാർക്ക് സൗകര്യമൊരുക്കാനും ലക്ഷ്യമിട്ട് കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് 2022ൽ ഇക്കോ വില്ലേജിന് സമീപം നടപ്പാക്കിയ ‘വഴിയിടം’ പദ്ധതി വർഷങ്ങൾ കഴിഞ്ഞിട്ടും ഉപയോഗിക്കാനാകാതെ കിടക്കുന്നതായി പരാതി. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടം നാളിതുവരെ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

പകൽവീടിനും ജലസ്രോതസ്സിനും സമീപമുള്ള ഇടുങ്ങിയ സ്ഥലത്ത് വേണ്ടത്ര ആസൂത്രണമില്ലാതെ പദ്ധതി നടപ്പാക്കിയതാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. പദ്ധതിയുടെ പ്രയോജനസാധ്യത സംബന്ധിച്ച് ആവശ്യമായ പഠനമോ സ്ഥലപരിശോധനയോ നടത്താതെയാണ് നിർമാണം നടത്തിയതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

പൊതുഫണ്ട് ചെലവഴിച്ചിട്ടും കെട്ടിടം അടച്ചിട്ട നിലയിൽ തുടരുന്നത് ജനങ്ങളുടെ പണം പാഴാക്കുന്നതിന് തുല്യമാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. കഴിഞ്ഞ എൽ.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയിലെ ചിലരുടെ പ്രത്യേക താൽപര്യപ്രകാരമാണ് പദ്ധതി നടപ്പാക്കിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

പൊതുജനങ്ങൾക്ക് ഉപകാരപ്പെടാത്ത ഇത്തരം പദ്ധതികൾക്ക് പിന്നിലെ ആസൂത്രണവും ചെലവഴിച്ച തുകയും പരിശോധിക്കണമെന്നും കെട്ടിടം ഉപയോഗശൂന്യമായി കിടക്കുന്നതിന്റെ ഉത്തരവാദിത്വം കണ്ടെത്തണമെന്നും ആർ.ജെ.ഡി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

Category: വണ്ടൂർ

Recent

Load More