ഐഫോൺ വാറന്റി കാലയളവിൽ തകരാർ; തിരൂർ സ്വദേശിക്ക് 1.09 ലക്ഷം രൂപ നൽകണം
മലപ്പുറം: വാറന്റി കാലയളവിൽ തുടർച്ചയായി തകരാറിലായ ഐഫോൺ 14 പ്ലസിന് ഉപഭോക്താവിന് 1,09,250 രൂപ നൽകണമെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ഉത്തരവിട്ടു. തിരൂർ തണ്ടശ്ശേരി വീട്ടിൽ ഫൈസൽ നൽകിയ പരാതിയിലാണ് നടപടി.
2023 സെപ്റ്റംബർ 13ന് മകന് ഓൺലൈൻ പഠനത്തിനായി വാങ്ങിയ ഐഫോൺ 14 പ്ലസിനാണ് തുടർച്ചയായി തകരാറുകൾ നേരിട്ടത്. ഫോൺ, ചാർജർ, അനുബന്ധ സാധനങ്ങൾ എന്നിവയ്ക്കായി 92,250 രൂപയാണ് ചെലവഴിച്ചത്. ഫോൺ വാങ്ങിയതിന് പിന്നാലെ അമിതമായി ചൂടാകുകയും പിന്നീട് ക്യാമറയിൽ തകരാർ സംഭവിക്കുകയും ചെയ്തു.
പലതവണ അംഗീകൃത സർവീസ് സെന്ററിൽ പരിശോധനയ്ക്ക് നൽകിയെങ്കിലും തകരാർ ആവർത്തിച്ചതായി പരാതിക്കാരൻ കമീഷനെ അറിയിച്ചു. രേഖകളും വിദഗ്ധ കമീഷണറുടെ റിപ്പോർട്ടും പരിശോധിച്ച കമീഷൻ, ഫോൺ വാങ്ങി മൂന്ന് മുതൽ നാല് മാസത്തിനുള്ളിൽ തന്നെ തകരാറിലായതായും വാറന്റി കാലയളവിൽ പലതവണ സർവീസ് സെന്ററിനെ സമീപിക്കേണ്ടി വന്നതായും കണ്ടെത്തി.
തുടർച്ചയായ തകരാറുകൾക്ക് സ്ഥിരമായ പരിഹാരം നൽകുന്നതിൽ പരാജയപ്പെട്ടത് സേവനത്തിലെ വീഴ്ചയും അന്യായ വ്യാപാര രീതിയുമാണെന്ന് കമീഷൻ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോൺ വിലയും നഷ്ടപരിഹാരവും നിയമനടപടി ചെലവും ഉൾപ്പെടെ 1,09,250 രൂപ നൽകാൻ ഉത്തരവിട്ടത്.
45 ദിവസത്തിനകം തുക നൽകാത്ത പക്ഷം ഒമ്പത് ശതമാനം വാർഷിക പലിശ ഈടാക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കി. പരാതിക്കാരനുവേണ്ടി അഡ്വ. സഫ്‌വാൻ, വി.പി. സത്താർ എന്നിവർ ഹാജരായി.
