ഭിന്നശേഷിക്കാർക്കായി ജില്ലാ പഞ്ചായത്തിന്റെ ‘കാരവൻ’
മലപ്പുറം: ഭിന്നശേഷിക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിനായി പ്രത്യേക കാരവൻ സജ്ജീകരിക്കാൻ മലപ്പുറം ജില്ലാ പഞ്ചായത്ത് തീരുമാനം. മലപ്പുറത്തെ സമ്പൂർണ ഭിന്നശേഷിസൗഹൃദ ജില്ലയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ‘ഭിന്നശേഷി സൗഹൃദ കാരവൻ–ആക്സസ് ഓൺ വീൽ’ പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗീകാരം നൽകി.
സംസ്ഥാനത്ത് ആദ്യമായാണ് ഭിന്നശേഷിക്കാർക്ക് മാത്രമായി യാത്ര ചെയ്യുന്നതിനുള്ള പ്രത്യേക വാഹനം ഒരുക്കുന്നതെന്ന് അധികൃതർ പറഞ്ഞു. വീൽചെയറിൽ കഴിയുന്നവർക്ക് അതിൽനിന്ന് ഇറങ്ങാതെ തന്നെ സുരക്ഷിതമായി വാഹനത്തിൽ പ്രവേശിക്കാനാകുന്ന ഹൈഡ്രോളിക് വീൽചെയർ ലിഫ്റ്റ്, വീൽചെയർ ലോക്കിങ് സംവിധാനം, ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ ശൗചാലയം, വിശ്രമസൗകര്യങ്ങൾ, ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ എന്നിവ വാഹനത്തിലുണ്ടാകും.
കൂട്ടിന് മറ്റൊരാളില്ലാതെയും ഭിന്നശേഷിക്കാർക്ക് സ്വതന്ത്രമായി യാത്ര ചെയ്യാൻ കഴിയുന്ന തരത്തിലാണ് സൗകര്യങ്ങൾ ഒരുക്കുന്നത്. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൂടുതൽ സജീവമായി എത്തിക്കാനും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും പദ്ധതി സഹായകമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി പറഞ്ഞു.
വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി, സ്ഥിരംസമിതി അധ്യക്ഷരായ ഷാഹിന നിയാസി, പി.കെ. അസ്‌ലു, ആലിപ്പറ്റ ജമീല, സെക്രട്ടറി പി.എം. രാജീവ് എന്നിവർ സംസാരിച്ചു.
