എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ
എടക്കര: ഓണക്കാലം ലക്ഷ്യമിട്ട് മലയോര മേഖലയിൽ ലഹരിവിൽപ്പന വ്യാപകമാക്കാനുള്ള ശ്രമത്തിനിടെ എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ. ചുങ്കത്തറ തച്ചങ്ങോട് കണിയാംപറമ്പ് അജയ് (25), സുഹൃത്തും അയൽവാസിയുമായ മേലെപുത്തൻവീട്ടിൽ ബിജോ വർഗീസ് (31), ചുങ്കത്തറ കുറ്റിമുണ്ട കുറ്റിപ്പുറത്ത് അഖിൽ സേവ്യർ (29) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ചുങ്കത്തറ കുറുമ്പലങ്ങോടുള്ള അജയ്യുടെ അമ്മയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ ശനിയാഴ്ച വൈകിട്ട് ഏഴോടെ നടത്തിയ പരിശോധനയിലാണ് അജയും ബിജോ വർഗീസും പിടിയിലായത്. വിൽപ്പനയ്ക്കായി ചെറിയ പാക്കറ്റുകളാക്കുന്നതിനിടെ 10.18 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന് പിടിച്ചെടുത്തു. ആയിരം രൂപയുടെ പാക്കറ്റുകളാക്കി വിൽപ്പന നടത്താനായിരുന്നു ശ്രമം. ഇലക്ട്രോണിക് ത്രാസും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
പോത്തുകല്ല് പൊലീസ് സബ് ഇൻസ്പെക്ടർ പി. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മുമ്പ് 16 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ അജയ്ക്കെതിരെ ആന്ധ്രാപ്രദേശിലെ പാടേരു പൊലീസ് സ്റ്റേഷനിൽ കേസുണ്ട്.
സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അബ്ദുൽ നാസർ, സാബിറലി, ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
എടക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ ചുങ്കത്തറ കുറ്റിമുണ്ട കുറ്റിപ്പുറത്ത് അഖിൽ സേവ്യറെയും എംഡിഎംഎയുമായി പിടികൂടി. ഇയാളിൽനിന്ന് 1.10 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
