മൂവാറ്റുപുഴ ജില്ല എറണാകുളത്തിന് എത്ര അനിവാര്യമാണോ, അതിനേക്കാള്‍ അനിവാര്യമാണ് മലപ്പുറത്തും പുതിയ ജില്ല’; താനൂര്‍ എംഎല്‍എ പി കെ നവാസ്

August 23, 2026 - By MalappuramMedia




താനൂർ : മുവാറ്റുപുഴ ജില്ല എറണാകുളത്തിന് എത്ര അനിവാര്യമാണോ, അതിനേക്കാള്‍ അനിവാര്യമാണ് മലപ്പുറത്തും ഒരു പുതിയ ജില്ലയെന്ന് താനൂർ എംഎല്‍എ പി.കെ. നവാസ്. പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിലാണെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പി.കെ. നവാസ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മലപ്പുറത്തിനും പുതിയ ജില്ല വേണമെന്ന അഭിപ്രായവുമായി എത്തിയത്.

മൂവാറ്റുപുഴ ജില്ല കേരളത്തിന്റെ അനിവാര്യതയാണ്. ജനങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കാനും ഭരണസൗകര്യം വർധിപ്പിക്കാനും തീർച്ചയായും ഒരു പുതിയ ജില്ല എന്നത് ഗുണകരവും വികസനത്തിന് സൗകര്യപ്രദവുമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

’32 ലക്ഷം ജനസംഖ്യ, 3,068 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം, 1,072 പേർ/ചതുരശ്ര കിലോമീറ്റർ ജനസാന്ദ്രത എന്നിവയുള്ള എറണാകുളത്ത് ഒരു പുതിയ ജില്ല യാഥാർഥ്യമാകണം. (2011 സെൻസസ്). എന്തുകൊണ്ട് മൂവാറ്റുപുഴ ജില്ല എറണാകുളത്തിന് അനിവാര്യമാകുന്നുവോ, അത്രതന്നെ, കണക്കുകള്‍ പരിശോധിച്ചാല്‍ അതിനേക്കാള്‍ അനിവാര്യമാണ് , മലപ്പുറത്തും ഒരു പുതിയ ജില്ല.41.13 ലക്ഷം ജനസംഖ്യ, 3,550 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം, 1,157 പേർ/ചതുരശ്ര കിലോമീറ്റർ ജനസാന്ദ്രതയുള്ള മലപ്പുറത്ത് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം കണക്കുകളുടെ അടിസ്ഥാനത്തിലും പ്രസക്തമാണ്. (2011 സെൻസസ്).ആദ്യം ഏത് വേണമെന്നതിലല്ല കാര്യം. കണക്കുകളും ഭരണപരമായ ആവശ്യകതയും ഒരു പുതിയ ജില്ല അനിവാര്യമാക്കുന്നുവെങ്കില്‍, രണ്ട് ജില്ലകളും പിറക്കണം.’ -നവാസ് കുറിച്ചു.

പത്ത് വർഷം അനീതി കാണിച്ച സർക്കാരിന് അന്ത്യം കുറിച്ചാണ് വി.ഡി.എസ്. സർക്കാർ അധികാരത്തില്‍ വന്നത്. അതുകൊണ്ട് പുതിയ ഒരു ജില്ലയല്ല, ജില്ലകള്‍ പിറക്കുക എന്നതുതന്നെയാണ് ഈ സർക്കാരിന്റെ നീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Category: താനൂർ

Recent

Load More