മങ്കട സി.എച്ച്.സി. താലൂക്ക് ആശുപത്രിയാക്കണം; മുഖ്യമന്ത്രിക്ക് നിവേദനം
മങ്കട സി.എച്ച്.സി. താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്നാവശ്യപ്പെട്ട് മങ്കട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഹനീഫ പെരിഞ്ചീരി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. രാത്രികാല ഒ.പി. പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് നടപടി.
മങ്കട സി.എച്ച്.സി. താലൂക്ക് ആശുപത്രിയാക്കണമെന്ന ആവശ്യം നേരത്തെയും എം.എൽ.എമാർക്കൊപ്പം നേരിട്ട് ഉന്നയിച്ചിരുന്നു. ജനകീയ ആവശ്യം ശക്തമായ സാഹചര്യത്തിൽ വീണ്ടും സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. സ്ഥലം എം.എൽ.എ. മഞ്ഞളാംകുഴി അലി, അഡ്വ. വി.എസ്. ജോയ് എം.എൽ.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജുവൈരിയ്യ, കെ.പി. സാദിഖലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നിവേദനം.
2014-ൽ അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റിൽ മങ്കട സി.എച്ച്.സി. താലൂക്ക് ആശുപത്രിയായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും 12 വർഷം കഴിഞ്ഞിട്ടും നടപടിയായിട്ടില്ല. ജില്ലയിൽ ഏറ്റവും കൂടുതൽ ഒ.പി. തിരക്കുള്ള ആശുപത്രികളിലൊന്നായ മങ്കട സി.എച്ച്.സി. ബ്ലോക്ക് പഞ്ചായത്തിന്റെ സ്റ്റാഫ് പാറ്റേർൺ പ്രകാരമുള്ള ജീവനക്കാരുടെ അഭാവത്തിലാണ് പ്രവർത്തിക്കുന്നത്.
പ്രതിസന്ധി പരിഹരിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് ഈവനിങ് ഒ.പി. ആരംഭിക്കുകയും പിന്നീട് ഗ്രാമപ്പഞ്ചായത്തുമായി ചേർന്ന് 24 മണിക്കൂർ ആശുപത്രി സേവനം ഒരുക്കുകയും ചെയ്തിരുന്നു. ദിവസേന രാത്രിയിൽ മാത്രം 350 പേരും പ്രതിമാസം 25,000 പേരും ഇവിടെ ചികിത്സ തേടുന്നുണ്ട്.
രാത്രികാല സേവനം തുടരുന്നതിനായി എൻ.എച്ച്.എം. പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഡോക്ടർമാർ, രണ്ട് ഫാർമസിസ്റ്റുകൾ, ഒരു സ്റ്റാഫ് നഴ്സ്, രണ്ട് നഴ്സിങ് അസിസ്റ്റന്റുമാർ എന്നിവരെ അടിയന്തരമായി അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
