എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന യുവതി മരിച്ചു

August 23, 2026 - By Malapuram

തിരൂരങ്ങാടി: വെള്ളക്കെട്ടുണ്ടായ പ്രദേശത്തെ വീട്ടിൽ താമസിച്ചിരുന്ന യുവതി എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലിരിക്കെ മരിച്ചു. ചെമ്മാട് മാണിപ്പാടം ആസാദി റോഡിൽ ചാലിലകത്ത് മുഹമ്മദ് സഹദിന്റെ ഭാര്യ നജല (28) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു മരണം.

ദിവസങ്ങൾക്ക് മുമ്പ് മഴ ശക്തമായതിനെ തുടർന്ന് പ്രദേശത്ത് ദിവസങ്ങളോളം വെള്ളക്കെട്ട് നിലനിന്നിരുന്നു. കിണറുകളടക്കമുള്ളവ വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. വെള്ളമിറങ്ങിയെങ്കിലും ആരോഗ്യഭീഷണി നിലനിന്നിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.

പനി ബാധിച്ചതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് തിരൂരങ്ങാടി, കോട്ടയ്ക്കൽ എന്നിവിടങ്ങളിലെ ആശുപത്രികളിൽ യുവതി ചികിത്സ തേടിയിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് തിരൂരങ്ങാടി നഗരസഭയിൽ അടിയന്തര യോഗം ചേർന്ന് ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കാൻ തീരുമാനിച്ചു. വെള്ളക്കെട്ടുണ്ടായ സമയത്ത് തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായും എലിപ്പനി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തിരുന്നതായും നഗരസഭാ ആരോഗ്യവിഭാഗം അറിയിച്ചു.

നഗരസഭാ ഉപാധ്യക്ഷൻ എം. അബ്ദുറഹ്‌മാൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സി.പി. സുഹ്റാബി, ക്ലീൻ സിറ്റി മാനേജർ ടി.കെ. പ്രകാശൻ, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷിബു, കിഷോർ തുടങ്ങിയവർ പങ്കെടുത്തു.

Recent

Load More