പൊന്നാനിയിലെ മീൻപിടിത്തബോട്ട് കടലിൽ മുങ്ങി; തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു
പൊന്നാനി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ട് കടലിൽ മുങ്ങി. ബോട്ടിലുണ്ടായിരുന്ന ആറുപേരും ലൈഫ് ജാക്കറ്റ് ധരിച്ച് കടലിൽ ചാടി നീന്തി രക്ഷപ്പെട്ടു. മറ്റൊരു ബോട്ടിലെ തൊഴിലാളികളാണ് ഇവരെ രക്ഷപ്പെടുത്തിയത്.
കൂട്ടുസാക്കാനകത്ത് അദുട്ടിയുടെ ‘അറഫ’ എന്ന ബോട്ടാണ് കരയിൽനിന്ന് 20 നോട്ടിക്കൽ മൈൽ അകലെ കടലിൽ മുങ്ങിയത്. വെള്ളിയാഴ്ചയാണ് ബോട്ട് പൊന്നാനി ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. ബോട്ടുടമയും തൊഴിലാളിയുമായ അദുട്ടി ഉൾപ്പെടെ ആറുപേരാണ് ബോട്ടിലുണ്ടായിരുന്നത്. അഞ്ചുപേർ അതിഥിത്തൊഴിലാളികളാണ്.
ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ ബോട്ടിന്റെ അടിഭാഗം എവിടെയോ ഇടിക്കുകയും അൽപസമയത്തിനുള്ളിൽ ബോട്ടിലേക്ക് വെള്ളം കയറുകയുമായിരുന്നു. അപകടം മനസ്സിലാക്കിയതിനെ തുടർന്ന് തൊഴിലാളികൾ ലൈഫ് ജാക്കറ്റ് ധരിച്ച് കടലിൽ ചാടി നീന്തി.
മൂന്നുമണിക്കൂറോളം തൊഴിലാളികൾ കടലിൽ കഴിഞ്ഞു. ഇതിനിടെ ‘ഷംല’ എന്ന മീൻപിടിത്ത ബോട്ടിലെ തൊഴിലാളികൾ ആറുപേരെയും രക്ഷപ്പെടുത്തി. പൊന്നാനി ആംബുലൻസ് പ്രവർത്തകർ ഇവരെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബോട്ട് പൂർണമായി മുങ്ങിയതിനെ തുടർന്ന് 40 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
