പാണ്ടിക്കടവത്ത് അബു ത്വാഹിർ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

August 23, 2026 - By MalappuramMedia

വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പാണ്ടിക്കടവത്ത് അബു ത്വാഹിറിനെ തിരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന കെ.കെ. അബ്ദുള്ള മൻസൂർ കോയ തങ്ങൾ രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

മണ്ഡലം, ജില്ലാ കമ്മിറ്റികൾ അറിയാതെ നിലവിലെ പ്രസിഡന്റിനെ രാജിവെപ്പിച്ച ശേഷം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ചേർന്ന മുസ്‌ലിംലീഗ് വേങ്ങര മണ്ഡലം പ്രവർത്തകസമിതി യോഗം നേരത്തെ രൂക്ഷമായ ബഹളത്തിൽ കലാശിച്ചിരുന്നു. തർക്കത്തിനൊടുവിൽ നന്ദിപ്രസംഗത്തിന് പോലും കാത്തുനിൽക്കാതെ അംഗങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയിരുന്നു.

പുതിയ ബ്ലോക്ക് പ്രസിഡന്റായി മണ്ഡലം സെക്രട്ടറി കൂടിയായ ഇ.കെ. സുബൈറിനെ നിയമിക്കണമെന്ന് മണ്ഡലം കമ്മിറ്റിയും ആറ് പഞ്ചായത്ത് കമ്മിറ്റികളും ജില്ലാ കമ്മിറ്റിയെയും സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെയും നേരിൽക്കണ്ട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ സംസ്ഥാന നേതൃത്വം പ്രത്യേകം താത്പര്യമെടുത്ത് പി.കെ. അബു ത്വാഹിറിനെ പ്രസിഡന്റാക്കാൻ എം.കെ. ബാവയെ ചുമതലപ്പെടുത്തുകയും അംഗങ്ങൾക്ക് വിപ്പ് നൽകുകയും ചെയ്തു. തോട്ഡിവിഷനിൽനിന്നുള്ള അംഗമായ അബു ത്വാഹിർ നിലവിൽ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനാണ്.

Category: വേങ്ങര

Recent

Load More