ഭാര്യയെ കൊന്നു പുഴയിൽ തള്ളിയ ഭർത്താവ് അറസ്റ്റിൽ ; കൊലപാതകം നടത്തിയത് ഇങ്ങനെ
തിരൂർ: ഭാര്യയെ വീട്ടിൽനിന്ന് വിളിച്ചിറക്കി ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി പുഴയിൽ തള്ളിയ കേസിൽ ഒളിവിൽ പോയ ഭർത്താവ് അറസ്റ്റിൽ. പുറത്തൂർ പടിഞ്ഞാറെക്കര അമ്പലപ്പടി അണ്ടിപ്പാട്ട് ഉസൈൻ (40) ആണ് അറസ്റ്റിലായത്.
തിരൂർ പോലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഉസൈനെ പിടികൂടിയത്.
വ്യാഴാഴ്ച പുലർച്ചെയാണ് ഫൗസിയയെ ഉസൈൻ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയതെന്ന് മക്കൾ പോലീസിന് മൊഴി നൽകി. പിന്നീട് ഫൗസിയയുടെ മൃതദേഹം തിരൂർ-പൊന്നാനിപ്പുഴയിൽ പടിഞ്ഞാറെക്കര ബോട്ടുജെട്ടിക്ക് സമീപം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ബുധനാഴ്ച രാത്രിയും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ച് വീട്ടിലെത്തുന്ന ഉസൈൻ ഭാര്യയെ ഉപദ്രവിക്കുകയും വീട്ടിൽ ബഹളമുണ്ടാക്കുകയും പതിവായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
ഫൗസിയ വീട്ടുജോലിക്ക് പോകുന്നതിനെ ഉസൈൻ എതിർത്തിരുന്നു. എന്നാൽ എതിർപ്പ് വകവയ്ക്കാതെ ഫൗസിയ വീണ്ടും ജോലിക്ക് പോയതോടെ ഉസൈൻ സംശയിക്കുകയും മർദിക്കുകയും ചെയ്തിരുന്നതായും പോലീസ് പറഞ്ഞു.
കൊലപാതകം നടന്ന ദിവസം ഫൗസിയ തന്റെ പേരിലുള്ള വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ ഭർത്താവായ ഉസൈനോട് പറഞ്ഞിരുന്നു. തുടർന്ന് ഇറങ്ങിപ്പോയ ഇയാൾ രാത്രി തിരിച്ചെത്തി വലയിൽ മീൻ കുടുങ്ങിയെന്ന് പറഞ്ഞ് ഫൗസിയയെ കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
സീനിയർ സി.പി.ഒ. രതീഷ്, സി.പി.ഒമാരായ ദിൽജിത്ത്, ഉണ്ണിക്കുട്ടൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഞായറാഴ്ച തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഫൗസിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
