വയോധികന്റെ കൊലപാതകം: എടക്കര സ്വദേശി പിടിയിൽ.
മഞ്ചേരി: നഗരസഭാ ഷോപ്പിങ് കോംപ്ലക്സിനുള്ളിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ എടക്കര സ്വദേശി അറസ്റ്റിൽ. എടക്കര പാലക്കാതടത്തിൽ വീട്ടിൽ പി. കെ. ജോബിൻ (29) ആണ് മഞ്ചേരി പൊലീസിന്റെ പിടിയിലായത്.
തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജോബിനെ പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് നഗരസഭാ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ തലയ്ക്കടിയേറ്റ് രക്തംവാർന്ന നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തിയത്.
കൊല്ലം പാലോട് സ്വദേശിയെന്ന് കരുതുന്ന പ്രകാശൻ (70) ആണ് കൊല്ലപ്പെട്ടത്. വർഷങ്ങളായി നഗരസഭാ കോംപ്ലക്സ് വരാന്തയിൽ കഴിഞ്ഞിരുന്ന പ്രകാശന് രേഖകളൊന്നും ലഭ്യമല്ലാത്തതിനാൽ ബന്ധുക്കളാരും എത്തിയിട്ടില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സൂക്ഷിച്ചുവച്ചിരുന്ന മദ്യം നഷ്ടപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രകാശനെ മർദിച്ച് അവശനാക്കിയ ശേഷം പണം തട്ടിയെടുത്ത പ്രതി മഞ്ചേരിയിൽനിന്ന് വീണ്ടും മദ്യപിച്ച് ബസ് സ്റ്റാൻഡിലെത്തി. തുടർന്ന് ഒഴിഞ്ഞ ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെയെത്തി മരണം ഉറപ്പാക്കിയശേഷമാണ് പ്രതി സ്ഥലത്തുനിന്ന് കടന്നത്.
സിസിടിവി ദൃശ്യങ്ങളും വയോധികനൊപ്പം ജോലിക്ക് പോയിരുന്നവരിൽ ഒരാളെ കാണാതായതായുള്ള വ്യാപാരികളുടെ മൊഴിയും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജോബിൻ പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ മനോജ് കെ. ഗോപി, മലപ്പുറം ഇൻസ്പെക്ടർ കെ. ഹരീഷ്, എസ്.ഐ. ബാലമുരുഗൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എ.എസ്.ഐമാരായ ഫിറോസ്, മുഹമ്മദ് അലി, സി.പി.ഒമാരായ ദിനേഷ് ഇരുപ്പക്കണ്ടൻ, രഞ്ജിത്ത് രാജേന്ദ്രൻ, കെ. കെ. ജസീർ, വി. പി. ബിജു, ശ്രീജിത്ത് തിരുവാലി, തൗഫീഖ് മുബാറക്, വി. കെ. ശ്രീജിത്ത്, ഉബൈദ്, സാലിം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
