ഇ. മുഹമ്മദ് കുഞ്ഞി മികച്ച ആസൂത്രണത്തോടെ പ്രവർത്തിക്കാൻ പഠിപ്പിച്ച നേതാവ്: മുഖ്യമന്ത്രി വി.ഡി. സതീശൻ
വണ്ടൂർ: രാഷ്ട്രീയ പ്രവർത്തനവും പൊതുപ്രവർത്തനവും ചിട്ടയായും മികച്ച ആസൂത്രണത്തോടെയും നടത്താൻ ബോധ്യപ്പെടുത്തിത്തന്ന നേതാവാണ് ഇ. മുഹമ്മദ് കുഞ്ഞിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുതിർന്ന കോൺഗ്രസ് നേതാവും എഐസിസി അംഗവും മുൻ ഡിസിസി പ്രസിഡന്റുമായ ഇ. മുഹമ്മദ് കുഞ്ഞിക്ക് രാജീവ് ഗാന്ധി സെന്റർ ഫോർ സോഷ്യോ ഇക്കണോമിക്സ് ഡെവലപ്മെന്റ് ഓഫ് ദ് റൂറൽ പുവർ നൽകുന്ന രാജീവ് ഗാന്ധി അവാർഡ് (25,000 രൂപ) സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് പതിറ്റാണ്ട് നീണ്ട ഹൃദയബന്ധമാണ് ഇ. മുഹമ്മദ് കുഞ്ഞിയുമായുള്ളതെന്ന് വി.ഡി. സതീശൻ പറഞ്ഞു. വാക്കിന് വിലയുള്ള നേതാവാണ് അദ്ദേഹമെന്നും മുഖത്തുനോക്കി കാര്യങ്ങൾ പറയാൻ മടിക്കാത്ത വ്യക്തിയാണെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആത്മാർഥമായ പ്രവർത്തനത്തിനുള്ള നാട്ടുകാരുടെ കൂടി പുരസ്കാരമാണ് രാജീവ് ഗാന്ധി അവാർഡെന്നും ഏഴ് വർഷം മുമ്പ് മികച്ച നിയമസഭാ സാമാജികനെന്ന നിലയിൽ തനിക്ക് ലഭിച്ച അതേ പുരസ്കാരം ഇ. മുഹമ്മദ് കുഞ്ഞിക്ക് സമ്മാനിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.
ജ്യേഷ്ഠ സഹോദരനെപ്പോലെയാണ് ഇ. മുഹമ്മദ് കുഞ്ഞിയെന്ന് അധ്യക്ഷത വഹിച്ച മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. വണ്ടൂർ നിയോജകമണ്ഡലത്തിന്റെ വികസനകാര്യങ്ങളിൽ അദ്ദേഹത്തിന്റെ ഉപദേശം തേടാറുണ്ടെന്നും പലപ്പോഴും അവസാന വാക്ക് അദ്ദേഹത്തിന്റേതാണെന്നും മന്ത്രി പറഞ്ഞു.
മുൻ എം.പി. സി. ഹരിദാസിന് സുവനീർ നൽകി മന്ത്രി എ.പി. അനിൽകുമാർ പ്രകാശനം ചെയ്തു. രാജീവ് ഗാന്ധി സ്റ്റഡി സെന്ററിന്റെ ഉപഹാരം ഇ. മുഹമ്മദ് കുഞ്ഞിക്ക് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി സമ്മാനിച്ചു.
എംഎൽഎമാരായ വി.എസ്. ജോയ്, ആര്യാടൻ ഷൗക്കത്ത്, കെ.പി. നൗഷാദലി, കെപിസിസി ജനറൽ സെക്രട്ടറിമാരായ പി.ടി. അജയ്മോഹൻ, ആലിപ്പറ്റ ജമീല, വി. ബാബുരാജ്, വി.എ. കരീം, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ കെ.ടി. അജ്മൽ, എൻ.എ. കരീം, വി. സുധാകരൻ, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അമൃത, പോരൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. പുഷ്പവല്ലി, രാജീവ് ഗാന്ധി സെന്റർ പ്രസിഡന്റ് വി. മധുസൂദനൻ, ജനറൽ സെക്രട്ടറി പി.സി. വേലായുധൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.
