പതിച്ച കട്ട ഗുണനിലവാരമില്ല;കാളികാവ് ചെങ്കോട് പാലത്തിൽ വീണ്ടും അറ്റകുറ്റപ്പണി
കാളികാവ്: ചെങ്കോട് പാലത്തിന്റെ ഇരുവശങ്ങളിലും ഗുണനിലവാരമില്ലാത്ത കട്ടകൾ പതിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അവ ഇളക്കിമാറ്റി. പുതിയ കട്ടകൾ സ്ഥലത്തെത്തിച്ചിട്ടുണ്ടെങ്കിലും പഴയവ മുഴുവൻ നീക്കം ചെയ്തശേഷമേ ഇവ പുനഃസ്ഥാപിക്കാനാകൂ. ഇതോടെ പാലത്തിനുസമീപത്തെ യാത്രാദുരിതത്തിന് പരിഹാരം കാണാൻ യാത്രക്കാർ ഇനിയും കാത്തിരിക്കേണ്ടിവരും.
കാളികാവ്–കരുവാരക്കുണ്ട് റീച്ചിൽ മലയോര ഹൈവേ നിർമാണം പൂർത്തിയായിട്ടും വീതികുറഞ്ഞ ചെങ്കോട് പാലം പുനർനിർമിച്ചിട്ടില്ല. പാലത്തിന്റെ ഇരുവശങ്ങളിലെയും റോഡ് തകർന്നതിനെ തുടർന്ന് വലിയ കുഴികൾ രൂപപ്പെട്ടിരുന്നു. നേരത്തേ നാലുതവണ അറ്റകുറ്റപ്പണി നടത്തിയ ഭാഗങ്ങൾ വീണ്ടും തകർന്നതോടെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങേണ്ട അവസ്ഥയായിരുന്നു. ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും താത്കാലിക പരിഹാരമായാണ് കട്ട വിരിച്ചത്.
കാളികാവ്–പൂക്കോട്ടുംപാടം റീച്ചിന്റെ കരാർ ഏറ്റെടുത്ത യു.എൽ.സി.സി.എസ്. ആണ് പാലത്തിന് സമീപത്തെ കുഴിയടച്ചത്. പാലത്തിന്റെ ഇരുവശത്തും കട്ട വിരിച്ച് റോഡ് ബലപ്പെടുത്താൻ റവന്യൂ മന്ത്രി എ.പി. അനിൽകുമാർ നിർദേശം നൽകിയിരുന്നു.
നാട്ടുകാരുടെയും കാളികാവ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെയും നിരന്തര ആവശ്യത്തെ തുടർന്നാണ് അറ്റകുറ്റപ്പണി നടത്തിയത്. മഴ തുടർന്നാൽ താത്കാലിക അറ്റകുറ്റപ്പണി വീണ്ടും തകരാൻ സാധ്യതയുള്ളതിനാൽ പാലത്തിന്റെ വീതിക്കുറവിനും ഇരുവശങ്ങളിലെയും റോഡിന്റെ തകർച്ചയ്ക്കും ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുതിയ കട്ടകൾ സ്ഥാപിക്കുന്ന പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.
