കാറിൽനിന്ന് ഒരുഗ്രാം മെത്താഫിറ്റമിൻ കണ്ടെത്തി; എക്സൈസ് വാഹനം കണ്ട് ഓടിയ വിദ്യാർഥികൾ അറസ്റ്റിൽ
കൊണ്ടോട്ടി: എക്സൈസ് വാഹനം കണ്ട് നിർത്തിയിട്ട കാറിൽനിന്ന് ഇറങ്ങിയോടിയ മൂന്ന് കോളേജ് വിദ്യാർഥികളെ മലപ്പുറം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കുമ്മിണിപ്പറമ്പിലെ എയ്ഡഡ് കോളേജിലെ വിദ്യാർഥികളെയാണ് അറസ്റ്റ് ചെയ്തത്.
ജില്ലയിലെ കോളേജുകളിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനാൽ എക്സൈസ് സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കുമ്മിണിപ്പറമ്പിലെ കോളേജ് പരിസരത്തും പരിശോധന നടത്തി. എക്സൈസ് വാഹനം കണ്ടതോടെ ഗ്രൗണ്ടിനുസമീപത്തെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിലുണ്ടായിരുന്ന മൂന്ന് വിദ്യാർഥികൾ പുറത്തേക്കിറങ്ങി ഓടുകയായിരുന്നു.
സംശയം തോന്നി കാർ പരിശോധിച്ചപ്പോഴാണ് ഒരുഗ്രാം മെത്താഫിറ്റമിൻ കണ്ടെത്തിയത്. കാർ നമ്പറും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥികളെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് രക്ഷിതാക്കൾക്കൊപ്പം ഇവരെ എക്സൈസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി.
19 വയസ്സുള്ള വിദ്യാർഥികളായതിനാലും താരതമ്യേന കുറഞ്ഞ അളവിലുള്ള ലഹരിവസ്തുവായതിനാലുമാണ് കൂടുതൽ നടപടികളില്ലാതെ ജാമ്യത്തിൽ വിട്ടത്. വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകുന്നതിനൊപ്പം ലഹരിയുടെ ഉറവിടത്തെക്കുറിച്ചും അന്വേഷണം നടത്തും. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖും സംഘവുമാണ് പരിശോധന നടത്തിയത്.
