തിരൂർ ജില്ലാ ആശുപത്രിയിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; ഓങ്കോളജി ബ്ലോക്ക് ഉടൻ പ്രവർത്തനം ആരംഭിക്കും കുറുക്കോളി മൊയ്തീൻ എംഎൽഎ

August 21, 2026 - By MalappuramMedia


തിരൂർ: തിരൂർ ജില്ലാ ആശുപത്രിയിൽ സെപ്റ്റംബർ അവസാന വാരത്തോടെ 24 മണിക്കൂറും സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കാനും ഓങ്കോളജി ബ്ലോക്ക് പ്രവർത്തനം ആരംഭിക്കാനും നടപടിയായതായി കുറുക്കോളി മൊയ്തീൻ എം.എൽ.എ. അറിയിച്ചു.

ആരോഗ്യമന്ത്രി കെ. മുരളീധരൻ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. നിലവിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന വിഭാഗങ്ങൾക്ക് പുറമെ ന്യൂറോളജി, ഗ്യാസ്‌ട്രോ എൻട്രോളജി, കാർഡിയോളജി, നെഫ്രോളജി തുടങ്ങിയ വിഭാഗങ്ങളും ആരംഭിക്കും.

ഓങ്കോളജിക്കായി അനുവദിച്ച ബഹുനില കെട്ടിടം ‘ഓങ്കോളജി ബ്ലോക്ക്’ എന്ന പേരിൽ പ്രവർത്തനസജ്ജമാക്കും. ക്യാൻസർ ചികിത്സയിൽ പരിശീലനം നേടിയ ഡോക്ടർമാരെ അടിയന്തരമായി നിയമിച്ച് ചികിത്സ ആരംഭിക്കും. കാത്ത് ലാബ് സ്ഥാപിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

വളവന്നൂർ എഫ്.എച്ച്.സി., വെട്ടം സി.എച്ച്.സി. എന്നിവിടങ്ങളിൽ വികസന പ്രവർത്തനങ്ങൾക്കായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സാധ്യതാപഠനം നടത്തും. വളവന്നൂർ സി.എച്ച്.സി.യിൽ ഒരു കോടി രൂപ ചെലവിൽ നിർമിക്കാമെന്ന് ഏറ്റ കെട്ടിടത്തിന് അനുമതി നൽകുന്നതിനുള്ള നടപടികളും സ്വീകരിക്കും.

സബ് സെന്ററുകളിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഡോക്ടർമാരെ നിയമിക്കാൻ അനുമതി നൽകും. കൽപകഞ്ചേരി, തിരുനാവായ പഞ്ചായത്തുകളിൽ യുനാനി ആശുപത്രികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. സാധ്യമായ പഞ്ചായത്തുകളിൽ ആയുഷ് കേന്ദ്രങ്ങളും ആരംഭിക്കും.

ഓരോ ആരോഗ്യകേന്ദ്രത്തിലും പരമാവധി ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.

Category: തിരൂർ

Recent

Load More