പെരിന്തൽമണ്ണയിൽ ഒന്നരക്കിലോ കഞ്ചാവുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ
പെരിന്തൽമണ്ണ: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പൊന്ന്യാകുർശ്ശി ദുബായി പടിയിൽ നടത്തിയ പരിശോധനയിൽ 1.650 കിലോഗ്രാം കഞ്ചാവുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. ഇതരസംസ്ഥാന തൊഴിലാളിയായ മഖാൻ (24) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
സംശയാസ്പദ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ ബാഗിൽനിന്ന് കഞ്ചാവും തൂക്കാൻ ഉപയോഗിച്ച ത്രാസും കണ്ടെത്തിയത്. പൊന്ന്യാകുർശ്ശി, മാനത്തുമംഗലം, പെരിന്തൽമണ്ണ ടൗൺ എന്നിവിടങ്ങളിൽ യുവാക്കളെയും വിദ്യാർഥികളെയും കേന്ദ്രീകരിച്ചും ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായി പ്രതി സമ്മതിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.
കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്. എക്സൈസ് ഇൻസ്പെക്ടർ സുധീഷ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘത്തിലാണ് അറസ്റ്റ്.
