വളാഞ്ചേരിയിൽ വൻ ലഹരിവേട്ട; എംഡിഎംഎയും കഞ്ചാവും ആംബർഗ്രിസും പിടികൂടി; യുവതിയടക്കം മൂന്നു പേർ പിടിയിൽ
വളാഞ്ചേരി: കാവുംപുറത്ത് വാടകവീട് കേന്ദ്രീകരിച്ച് വളാഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരവും കോടികൾ വിലമതിക്കുന്ന തിമിംഗലച്ചർദ്ദിയും (ആംബർഗ്രിസ്) പിടികൂടി. 43 ഗ്രാം എംഡിഎംഎ, നാല് കിലോഗ്രാമിലധികം കഞ്ചാവ്, മൂന്ന് കിലോഗ്രാം തിമിംഗലച്ചർദ്ദി എന്നിവയാണ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടത്താണി സ്വദേശി കല്ലൻ നാസർ, ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് റാഷിദ്, ഹുസ്നി മുബാറക്ക് എന്നിവരാണ് പിടിയിലായത്.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയിലാണ് സംഘം പിടിയിലായത്. കാവുംപുറത്ത് വീട് വാടകയ്‌ക്കെടുത്ത് ലഹരി വിൽപ്പന നടത്തിവരുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്ഡ്.
പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെയും തിമിംഗലച്ചർദ്ദിയുടെയും ഉറവിടം കണ്ടെത്തുന്നതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ലഹരി ശൃംഖലയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്തർസംസ്ഥാന ബന്ധങ്ങളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രദേശത്ത് വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
