കുട്ടികളത്താണി കാർ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു; യാത്രക്കാർക്ക് പരിക്ക്
പുത്തനത്താണി : നിയന്ത്രണം വിട്ട കാർ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ചേരുരാൽ മദ്രസ പടിക്കു സമീപം ചാലമ്പാട്ട് മുഹമ്മദ് കുട്ടി (60) ആണ് മരിച്ചത്.
പുത്തനത്താണി–തിരുനാവായ റോഡിൽ കുട്ടികളത്താണി പെട്രോൾ പമ്പിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം. പുത്തനത്താണി ഭാഗത്തുനിന്ന് എത്തിയ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ഓട്ടോയിലിടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാർ ഉടൻ പുത്തനത്താണിയിലെയും കോട്ടയ്ക്കലിലെയും ആശുപത്രികളിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന സ്ത്രീകളെ പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഹമ്മദ് കുട്ടിയുടെ ഭാര്യ: സലീന. മക്കൾ: ആഷിഖ്, ഷഫീഖ്, ഷിഫാന. മരുമക്കൾ: ഫൈബി, ജംഷി.
കബറടക്കം വെള്ളിയാഴ്ച അനന്താവൂർ മഹല്ല് ജുമാമസ്ജിദ് കബറിസ്ഥാനിൽ നടത്തും.
