എടവണ്ണപ്പാറ എളമരം പാലത്തിന് താഴെ മൃതദേഹം; കാണാതായ യുവാവിന്റേതെന്ന് സ്ഥിരീകരിച്ചു
എടവണ്ണപ്പാറ: ചാലിയാർ പുഴയിൽ എടവണ്ണപ്പാറ എളമരം പാലത്തിന് താഴെ ഒഴുകിനടന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം അരീക്കോട് നിന്ന് കാണാതായ യുവാവിന്റേതെന്ന് സ്ഥിരീകരിച്ചു. പാലക്കാട് അഴിയന്നൂർ കടമ്പഴിപ്പുറം സ്വദേശിയും തോട്ടിക്കുഴി വീട്ടിൽ താമസക്കാരനുമായ ദിലീപ് എം (30) ആണ് മരിച്ചത്.
ഓഗസ്റ്റ് 17 മുതൽ ദിലീപിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു. അരീക്കോട് ചാലിയാർ പുഴയുടെ സമീപത്താണ് ഇയാളെ അവസാനമായി കണ്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു.
ഇന്ന് രാവിലെ എളമരം പാലത്തിന് താഴെ വെള്ളത്തിൽ പൊന്തി ഒഴുകുന്ന നിലയിലാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ പോലീസിനെയും സന്നദ്ധ പ്രവർത്തകരെയും വിവരമറിയിച്ചു.
പോലീസും പ്രാദേശിക രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. മാവൂർ പോലീസിന്റെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.
