വിമാനം റദ്ദാക്കി; കരിപ്പൂരിൽ യാത്രക്കാർ വെട്ടിലായി

August 19, 2026 - By MalappuramMedia



കൊണ്ടോട്ടി: മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വിമാനം റദ്ദാക്കിയതോടെ കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ വെട്ടിലായി. തിങ്കളാഴ്ച വൈകീട്ട് കരിപ്പൂരിൽനിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം പലതവണ സമയം നീട്ടിയശേഷം ചൊവ്വാഴ്ച രാവിലെ 11 മണിയോടെ റദ്ദാക്കുകയായിരുന്നു. ഇതോടെ 160ഓളം യാത്രക്കാരാണ് ദുരിതത്തിലായത്.

വൈകീട്ട് 5.40ന് ദുബായിൽനിന്ന് കരിപ്പൂരിലെത്തി 6.40ന് തിരികെ പുറപ്പെടുന്നതായിരുന്നു വിമാനത്തിന്റെ ഷെഡ്യൂൾ. എന്നാൽ തിങ്കളാഴ്ച യാത്രക്കാരെല്ലാം വിമാനത്താവളത്തിലെത്തിയിട്ടും വിമാനം പുറപ്പെട്ടില്ല. യാത്രക്കാർക്ക് പകരം യാത്രാസൗകര്യമോ താമസസൗകര്യമോ വിമാനക്കമ്പനി ഏർപ്പെടുത്തിയിരുന്നില്ല.

പരാതിപ്പെട്ട യാത്രക്കാരോട് കമ്പനി അധികൃതർ പരുഷമായി പെരുമാറിയതും ബഹളത്തിനിടയാക്കി. തുടർന്ന് ചൊവ്വാഴ്ച രാവിലെ 7.45ന് വിമാനം പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും പിന്നീട് സമയം ഉച്ചയ്ക്ക് 12.45ലേക്ക് മാറ്റി. ഇതിനുപിന്നാലെയാണ് സർവീസ് റദ്ദാക്കിയത്.

അതേസമയം, സ്പൈസ് ജെറ്റിന്റെ ഫുജൈറ സർവീസും തിങ്കളാഴ്ച വൈകിയാണ് പുറപ്പെട്ടത്. രാത്രി 8.50ന് പുറപ്പെടേണ്ടിയിരുന്ന വിമാനം രാത്രി 11.50നാണ് പുറപ്പെട്ടത്. ഫുജൈറയിൽനിന്ന് വിമാനം എത്താത്തതിനെ തുടർന്ന് കൊച്ചിയിൽനിന്ന് മറ്റൊരു വിമാനം എത്തിച്ചാണ് സർവീസ് നടത്തിയത്.

Recent

Load More