മകളോട് ലൈംഗികാതിക്രമം: പിതാവിന് 61 വർഷം കഠിനതടവ്
മഞ്ചേരി: മഞ്ചേരിയിൽ ശാരീരിക ബുദ്ധിമുട്ടുകളുള്ള 13കാരിയായ മകളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 71കാരനായ പിതാവിന് 61 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ. മഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മഞ്ചേരി രണ്ടാം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ.എസ്. വരുൺ ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക കഠിനതടവ് അനുഭവിക്കണം. പിഴ അടച്ചാൽ തുക അതിജീവിതയ്ക്ക് നൽകാനും കോടതി നിർദേശിച്ചു. വിക്ടിം കോംപൻസേഷൻ സ്കീം പ്രകാരം കുട്ടിക്ക് കൂടുതൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കും കോടതി നിർദേശം നൽകി.
2025 ഫെബ്രുവരി 26നായിരുന്നു സംഭവം. പ്രതി ഭാര്യയുടെ വീട്ടിൽവെച്ച് കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
മഞ്ചേരി പോലീസ് ഇൻസ്പെക്ടറായിരുന്ന വി. പ്രതാപ്‌കുമാറാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.എൻ. മനോജ് ഹാജരായി.
ശിക്ഷ അനുഭവിക്കുന്നതിനായി പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
