യുഡിഎഫ് സർക്കാരിലെ ആദ്യ വിക്കറ്റ് ബഷീറിന്റേതാകുമെന്ന് കെ ടിജലീൽ
മലപ്പുറം: കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിലെ അഡ്മിഷനുമായി ബന്ധപ്പെട്ട കോഴ ആരോപണത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിനെതിരെ മുസ്‌ലിം ലീഗ് പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി കെ.ടി. ജലീൽ.
കോളേജിന്റെ ജനറൽ സെക്രട്ടറി കൂടിയായ പി.കെ. ബഷീർ മാനേജർ സ്ഥാനം ഒഴിയണമെന്നാണ് തേഞ്ഞിപ്പലം പഞ്ചായത്തിലെ മുസ്‌ലിം ലീഗ് ക്യാമ്പിൽ അവതരിപ്പിച്ച പ്രമേയത്തിലെ ആവശ്യം. ഇതിന് പിന്നാലെയാണ് ജലീൽ സമൂഹമാധ്യമത്തിലൂടെ മന്ത്രിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
കോഴ ആരോപണങ്ങൾ ഉയരുന്ന സ്ഥാപനങ്ങളുടെ മാനേജർ സ്ഥാനത്ത് നിന്ന് ബഷീർ ഒഴിയുന്നതാണ് ഉചിതമെന്ന് ജലീൽ പറഞ്ഞു. മന്ത്രി സ്ഥാനവും മാനേജർ പദവിയും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിച്ചാൽ 102 എം.എൽ.എമാരുടെ അംഗബലമുള്ള യുഡിഎഫ് സർക്കാരിൽ ആദ്യം പുറത്താകുന്ന ‘വിക്കറ്റ്’ ബഷീറിന്റേതായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
ഇ.എം.ഇ.എ കോളേജിലും എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിലും മാനേജ്മെന്റ് ക്വോട്ടയിലെ പ്രവേശനത്തിനും അധ്യാപക, അനധ്യാപക നിയമനങ്ങൾക്കും വലിയ തുക ഈടാക്കുന്നുവെന്ന ആരോപണങ്ങളും ജലീൽ ഉന്നയിച്ചു. ഇത്തരത്തിലുള്ള ആരോപണങ്ങൾ നേരത്തെയും സ്ഥാപന മാനേജ്മെന്റിനെതിരെ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
പൊതുമരാമത്ത് വകുപ്പിലെ കരാറുകളുമായി ബന്ധപ്പെട്ടും ജലീൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ടാർ വില വർധന, കരാറുകാരുടെ പ്രതിഷേധം, സർക്കാരിൽ വിലവർധന അംഗീകരിപ്പിക്കാനുള്ള നീക്കങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയ അദ്ദേഹം, മന്ത്രിക്ക് കമ്മീഷൻ ലഭിക്കുമെന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും ആരോപിച്ചു.
എന്നാൽ, ജലീൽ ഉന്നയിച്ച ആരോപണങ്ങൾക്ക് വ്യക്തമായ തെളിവുകൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. ആരോപണങ്ങളിൽ മന്ത്രിയുടെയോ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയോ പ്രതികരണം ലഭ്യമായിട്ടില്ല..
കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്: ” PWD മന്ത്രി ബഷീറും “കോഴയും”! പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ കൊണ്ടോട്ടി ഇ.എം.ഇ.എ എയ്ഡഡ് കോളേജിൻ്റെയും എയ്ഡഡ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെയും മാനേജർ കൂടിയാണ്. ഈ രണ്ട് എയ്ഡഡ് സ്ഥാപനങ്ങളിലും മാനേജ്മെൻ്റ് ക്വോട്ടയിലെ വിദ്യാർത്ഥി പ്രവേശനത്തിനും അദ്ധ്യാപക അനദ്ധ്യാപക നിയമനങ്ങള്‍ക്കും ഭീമമായ തുക തലവരി വാങ്ങുന്ന സ്ഥാപനങ്ങളാണ്. ഇക്കാര്യം കൊണ്ടോട്ടിയിലെ മൂക്ക് കീഴ്പ്പോട്ടായ എല്ലാവർക്കും അറിവുള്ളതാണ്.
വലിയ ആക്ഷേപങ്ങള്‍ പല സന്ദർഭങ്ങളിലും EMEA സ്ഥാപന മാനേജുമെൻ്റുകള്‍ക്കെതിരെ ഉയർന്നു വന്നിട്ടുമുണ്ട്. ഇപ്പോഴിതാ പ്രാദേശിക ലീഗ് കമ്മിറ്റികളും മാനേജർക്കെതിരെ രംഗത്തു വന്നിരിക്കുന്നു. സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ പ്രവേശനത്തിനും നിയമനത്തിനും കോഴ വാങ്ങുന്ന സ്ഥാപനങ്ങളുടെ അമരത്തിരിക്കുന്നത് ശരിയായ നടപടിയല്ല. അദ്ദേഹം മാനേജർ പദവി ഒഴിയലാണ് തടി കേടാകാതിരിക്കാൻ നല്ലത്. ആ സ്ഥാനം മറ്റാർക്കെങ്കിലും (തൻ്റെ അനുജനല്ല) ഒഴിഞ്ഞുകൊടുക്കലാകും നല്ലത്.
അല്ലെങ്കില്‍ 102 എം.എല്‍.എമാരുടെ അംഗബലമുള്ള UDF സർക്കാരില്‍ തെറിക്കുന്ന ആദ്യ “വിക്കറ്റ്” ഇ.എം.ഇ.എ കോളേജിൻ്റെ മാനേജരുടേതാകും. മന്ത്രിയും മാനേജരും ഒരുമിച്ച് കൊണ്ടുപോകാമെന്ന് അത്യാഗ്രഹം തോന്നിയാല്‍, പാറക്കല്‍ അബ്ദുല്ലക്ക് സാദിഖലി തങ്ങള്‍ തുന്നിച്ച് കൊടുത്ത “മന്ത്രിക്കോട്ട്” രണ്ടരക്കൊല്ലത്തിന് മുമ്പേ അദ്ദേഹത്തിന് അണിയാനുള്ള ഭാഗ്യമുണ്ടാകും. തീർച്ച.
കൈക്കൂലി പറയാനും വാങ്ങാനും കോഴ സ്ഥാപനങ്ങളുടെ മാനേജർ പദവിയിലിരുന്ന് ‘ചളിപ്പ്’ തീർന്ന മരാമത്ത് മന്ത്രിക്ക് കോണ്‍ട്രാക്ടർമാരോടും എഞ്ചിനീയർമാരോടും കമ്മീഷൻ്റെ ശതമാനം പറയാൻ ഒരു മടിയും ഉണ്ടാവില്ല. ഇറാൻ-അമേരിക്ക യുദ്ധത്തെ തുടർന്ന് ടാറിൻ്റെ വില കൂടിയതിനാല്‍ സംസ്ഥാനത്തെ പി.ഡബ്ലിയു.ഡി കോണ്‍ട്രാക്ടർമാർ പണിയൊന്നും എടുക്കാതെ അപ്രഖ്യാപിത സമരത്തിലാണ്. ഉയർന്ന ടാർവില സർക്കാരിനെ കൊണ്ട് അംഗീകരിപ്പിക്കാനുള്ള അണിയറനീക്കം തകൃതിയായി നടക്കുന്നതായാണ് മഞ്ചേരിച്ചന്തയിലെ സംസാരം?
ടാർവില വർധനവ് സർക്കാരിനെ കൊണ്ട് അംഗീകരിപ്പിച്ചാല്‍ ഒരു നിശ്ചിത ശതമാനം “കിനിവ്” വകുപ്പ് മന്ത്രിക്കും ഉണ്ടാകുമെന്നാണ് കേള്‍വി? അങ്ങിനെ ചില സംസാരങ്ങള്‍ നടന്നതായും, അതിൻ്റെ ശബ്ദരേഖ കൈവശമുള്ളതായുമൊക്കെ കരാറുകാർക്കിടയില്‍ അടക്കം പറച്ചിലുകളുണ്ട്. പണ്ടത്തെ പോലെ “പച്ചക്ക്” കൈക്കൂലി വാങ്ങാൻ പറ്റുന്ന കാലമല്ല ഇപ്പോള്‍. ആ ഓർമ്മ ഉണ്ടായാല്‍ രണ്ടര കൊല്ലമെങ്കിലും തികക്കാം. അല്ലെങ്കില്‍ ഏറനാട്ടിലെ ”കസ്തൂരി മാമ്പഴം” “പാറക്കല്‍” കൊത്തിക്കൊണ്ടു പോകും’.
