കോടികളുടെ ലഹരിയുമായി വേങ്ങര സ്വദേശിയടക്കം നാല് പേർ പിടിയിൽ

August 18, 2026 - By MalappuramMedia




പാലക്കാട് : കാറിൽ കടത്തുകയായിരുന്ന 800 ഗ്രാം എംഡിഎംഎയടക്കം കോടികളുടെ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി ദമ്പതികളടക്കം നാലുപേരെ പാലക്കാട് പൊലീസ് പിടികൂടി. കോട്ടയം കാഞ്ഞിരപ്പള്ളി അമ്പഴത്തിൻവീട്ടിൽ മുഹമ്മദ് നാസിഹ് (27), മലപ്പുറം വേങ്ങര കുന്നത്ത് വീട്ടിൽ മുഹമ്മദ് അസ്റൂദ്ദീൻ (30), ഭാര്യ ദക്ഷിണ കന്നഡ ബെൽത്തങ്ങാടി കണ്ണൂർവീട്ടിൽ ബീഫാത്തിമ (27), കോയമ്പത്തൂർ സ്വദേശി ഡ്രൈവർ ഷെബീർ അഹമ്മദ് (17) എന്നിവരാണ് പിടിയിലായത്.

തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെ ഒലവക്കോട് ജങ്ഷനിൽ നടത്തിയ വാഹനപരിശോധനയിലാണ് സംഘം പിടിയിലായത്. ഇവർ സഞ്ചരിച്ച തമിഴ്നാട് രജിസ്ട്രേഷനുള്ള ഇന്നോവ കാറിന്റെ പിൻസീറ്റിനടിയിൽ പോളിത്തീൻ കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ. 800 ഗ്രാം എംഡിഎംഎ, രണ്ട് എൽഎസ്ഡി സ്റ്റാമ്പുകൾ, ഏഴ് ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, രണ്ട് ഗ്രാം വീതം കൊക്കെയിൻ, ബ്രൗൺ ഷുഗർ എന്നിവയാണ് പിടിച്ചെടുത്തത്.

വെള്ളിയാഴ്ച ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി പിടിയിലായ ഒരാളിൽനിന്നാണ് ലഹരിക്കടത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സംഘത്തിലെ പ്രധാനിയായ മണ്ണാർക്കാട് സ്വദേശി സലിമിനെ ഞായറാഴ്ച രാത്രി പൊലീസ് പിടികൂടിയിരുന്നു. ബംഗളൂരുവിൽനിന്നാണ് ലഹരി കടത്തുന്നതെന്ന് ഇയാൾ മൊഴി നൽകി.

തുടർന്ന് കോയമ്പത്തൂർ കുനിയമ്പത്തൂർ ഭാഗത്തുനിന്ന് ലഹരിക്കടത്ത് സംഘത്തിന്റെ വാഹനം പൊലീസ് പിന്തുടർന്നു. പൊലീസിനെ കബളിപ്പിക്കാൻ സംഘം രണ്ടുതവണ വഴിമാറി സഞ്ചരിച്ചെങ്കിലും ചിറ്റൂർ വഴി മലപ്പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലാവുകയായിരുന്നു. തമിഴ്നാട് രജിസ്ട്രേഷനുള്ള ഇന്നോവ കാർ ഡ്രൈവറെ വാടകയ്ക്ക് എടുത്താണ് ലഹരി കടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

പാലക്കാട് ഡിവൈഎസ്പി കെ.എം. ബിജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയും തുടർനടപടികളും.

Category: വേങ്ങര

Recent

Load More