37 വർഷത്തെ രാജ്യസേവനം; സുബേദാർ മേജർ ഇ.പി. നിറാറിന് താനൂരിൽ സ്വീകരണം
താനൂർ: 37 വർഷത്തെ രാജ്യസേവനത്തിനുശേഷം അതിർത്തി രക്ഷാസേനയിൽനിന്ന് വിരമിച്ച സുബേദാർ മേജർ ഇ.പി. നിറാറിന് ജന്മനാട്ടിൽ സ്നേഹോഷ്മള സ്വീകരണം. വിശിഷ്ടസേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡലും പ്രശസ്തിപത്രവും മികച്ച സേവനത്തിന് കേന്ദ്ര സർക്കാരിന്റെ അതിഉത്കൃഷ്ട സേവാ മെഡലും നേടിയ ഇ.പി. നിറാറിനെ താനൂർ റെയിൽവേ സ്റ്റേഷനിൽ പി.കെ. നവാസ് എം.എൽ.എ. ഷാൾ അണിയിച്ച് സ്വീകരിച്ചു.
അഭിമാനപൂർവം രാജ്യസേവനം ചെയ്യാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഇ.പി. നിറാർ പറഞ്ഞു. രാജ്യസേവനത്തിന് തനിക്ക് പ്രചോദനമായത് അമ്മാവനും മുൻ മന്ത്രിയുമായ കെ. കുട്ടി അഹമ്മദ്കുട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
താനൂർ ബസ് സ്റ്റാൻഡിലെ രക്തസാക്ഷി ഫ്രീഡം സ്ക്വയറിൽ അഭിവാദ്യമർപ്പിച്ചതിനുശേഷം നാട്ടുകാർക്കും കുടുംബാംഗങ്ങൾക്കുമൊപ്പമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.
നഗരസഭാധ്യക്ഷ നസ്‌ല ബഷീർ, സ്ഥിരംസമിതി അധ്യക്ഷർ, കൗൺസിലർമാർ, നാട്ടുകാർ തുടങ്ങിയവർ സ്വീകരണത്തിൽ പങ്കെടുത്തു. 37 വർഷം രാജ്യത്തിന്റെ അതിർത്തികൾ കാത്തുസൂക്ഷിച്ച ഇ.പി. നിറാറിന്റെ സേവനത്തിന് ആദരവുമായി ജന്മനാട് നൽകിയ സ്വീകരണം ശ്രദ്ധേയമായി.
