റാഫിയയ്ക്കായി മലപ്പുറം കൈകോർത്തു; ജീവകോശദാനത്തിന് 1700 പേരുടെ മഹാപ്രവാഹം

August 16, 2026 - By MalappuramMedia



മഞ്ചേരി∙ ഒരു ജീവൻ രക്ഷിക്കാൻ യോജിച്ച ഒരേയൊരു ദാതാവ് മതി. ആ ഒരാളെ കണ്ടെത്താനുള്ള അന്വേഷണത്തിന് പിന്തുണയുമായി ഒരു നാട് ഒന്നിച്ചപ്പോൾ മഞ്ചേരിയിൽ കണ്ടത് അപൂർവമായ ജനപങ്കാളിത്തം. സിവിയർ അപ്ലാസ്റ്റിക് അനീമിയ ബാധിച്ച ആമയൂർ സ്വദേശിനി റാഫിയ ഷെറിനായി സംഘടിപ്പിച്ച ജീവകോശദാന ക്യാംപിൽ 1700 പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയത്.

റാഫിയയ്ക്ക് ജീവൻ തിരിച്ചുപിടിക്കാൻ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് ആവശ്യമാണ്. അതിനായി ജനിതകമായി യോജിച്ച ദാതാവിനെ കണ്ടെത്തുകയെന്നതാണ് പ്രധാന കടമ്പ. ഇതോടെയാണ് റാഫിയയ്ക്കായി സ്റ്റെം സെൽ ദാതാക്കളെ കണ്ടെത്താനുള്ള പരിശോധനാ ക്യാംപിന് മഞ്ചേരി യത്തീംഖാന സ്കൂൾ വേദിയായത്.

പ്രതീക്ഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ക്യാംപിൽ അഞ്ച് മുറികളിലായി ടികെഎംഎസ് പ്രതിനിധികൾ ദാതാക്കളിൽനിന്ന് സ്രവം ശേഖരിച്ചു. ശേഖരിച്ച സാമ്പിളുകളുടെ വിദഗ്ധ പരിശോധനയ്ക്കുശേഷമാണ് യോജിച്ച ദാതാവിനെ കണ്ടെത്താനാകുക.

ലണ്ടനിലെ പ്രിസ്റ്റണിൽ കഴിയുന്ന റാഫിയയ്ക്കായി ഇന്ന് പ്രിസ്റ്റൺ കാതറീൻ ബെക്കെറ്റ് കമ്യൂണിറ്റി സെന്ററിലും സമാനമായ ക്യാംപ് നടക്കും. കൂടുതൽ പേർ സ്റ്റെം സെൽ ദാതാക്കളായി രജിസ്റ്റർ ചെയ്യുന്നതിലൂടെ റാഫിയയ്ക്ക് മാത്രമല്ല, ജീവകോശത്തിനായി കാത്തിരിക്കുന്ന നിരവധി രോഗികൾക്കും പ്രതീക്ഷയാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

തനിക്കായി യോജിച്ച ദാതാവിനെ കണ്ടെത്തിയാലും ഇല്ലെങ്കിലും ലോകത്ത് ജീവകോശം കാത്തിരിക്കുന്ന മറ്റുള്ളവർക്ക് ഈ രജിസ്ട്രേഷൻ സഹായകരമാകുമെന്ന് റാഫിയ സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചിരുന്നു. ആ അഭ്യർഥന ഏറ്റെടുത്താണ് 1700 പേർ മഞ്ചേരിയിൽ ദാതാക്കളാകാൻ എത്തിയത്.

Recent

Load More