എടായിപ്പാലം മണ്ണിടിച്ചിൽ: യാത്രാനിരോധനം പിൻവലിച്ചു; റെഡ് അലർട്ട് ദിവസങ്ങളിൽ നിയന്ത്രണം തുടരും

August 15, 2026 - By MalappuramMedia



മലപ്പുറം: എടായിപ്പാലം മണ്ണിടിച്ചിലിനെ തുടർന്ന് പാണക്കാട്–എടായിപ്പാലം മുതൽ കാരാത്തോട് സ്ട്രെയിറ്റ്പാത്ത് സ്കൂൾ ജങ്ഷൻ വരെയുള്ള റോഡിൽ ഏർപ്പെടുത്തിയിരുന്ന യാത്രാനിയന്ത്രണങ്ങൾ പിൻവലിച്ചു. ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. വിനയ് ഗോയൽ ഇതുസംബന്ധിച്ച് ഉത്തരവിറക്കി.

പരപ്പനങ്ങാടി–നാട്ടുകാണി സംസ്ഥാനപാതയിൽ എടായിപ്പാലം പ്രദേശത്ത് മൂന്നിന് സ്വകാര്യഭൂമിയിൽനിന്ന് റോഡിലേക്ക് മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് യാത്രാനിരോധനം ഏർപ്പെടുത്തിയിരുന്നത്. നിലവിൽ ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞതും ഓറഞ്ച്, റെഡ് അലർട്ട് മുന്നറിയിപ്പുകൾ ഇല്ലാത്തതുമാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കാരണം.

അതേസമയം, ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ ഈ റോഡിലെ യാത്രാനിരോധനം തുടരും. റെഡ് അലർട്ട് സമയത്ത് ഇതുവഴി പോകേണ്ട വാഹനങ്ങൾ അധികാരത്തൊടി–കുറ്റാളൂർ ഫസ്റ്റ് റീച്ച് റോഡ് (കോണംപാറ–കാരാത്തോട്) വഴിയോ ഒതുക്കുങ്ങൽ–കാരാത്തോട്/വേങ്ങര വഴിയോ പോകണമെന്ന് അധികൃതർ അറിയിച്ചു.

Recent

Load More