ആനങ്ങാടി പെട്രോൾ പമ്പിൽ അക്രമം; പോലീസുകാരെ മർദിച്ച പ്രതി അറസ്റ്റിൽ

August 15, 2026 - By MalappuramMedia

വള്ളിക്കുന്ന് : ആനങ്ങാടി പെട്രോൾ പമ്പിൽ അക്രമം നടത്തുകയും സ്ഥലത്തെത്തിയ പോലീസുകാരെ മർദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് കറാച്ചന്റെ പുരയ്ക്കൽ മുഹമ്മദ് സാദിഖ് (26) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്.

പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിരൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തു.

കഴിഞ്ഞദിവസം വൈകീട്ടാണ് ആനങ്ങാടി പെട്രോൾ പമ്പിൽ അക്രമസംഭവമുണ്ടായത്. ഇന്ധനം നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പമ്പ് ജീവനക്കാരനുമായി തർക്കത്തിലായ പ്രതി ജീവനക്കാരെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

വിവരമറിഞ്ഞെത്തിയ എസ്.എച്ച്.ഒ. സ്റ്റെപ്പ്റ്റോ ജോൺ, എസ്.ഐ. മുഹസ്സിൻ, സി.പി.ഒമാരായ രാഹുൽ, സിബി എബ്രഹാം എന്നിവരടങ്ങിയ പോലീസ് സംഘത്തിനുനേരെയും പ്രതി അക്രമാസക്തനായി തിരിഞ്ഞു. തുടർന്ന് നാല് പോലീസുകാരും ചേർന്ന് സാഹസികമായി പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്കേറ്റു.

ഇതിനിടെ പോലീസ് വാഹനത്തിനും പ്രതി കേടുപാടുകൾ വരുത്തിയതായി പോലീസ് പറഞ്ഞു.

പ്രതി നേരത്തെയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പോലീസുകാരെ ആക്രമിച്ച സംഭവത്തിൽ കോഴിക്കോട് റെയിൽവേ പോലീസിലും ബിവറേജസ് ജീവനക്കാരെ മർദിച്ച സംഭവത്തിൽ പരപ്പനങ്ങാടി പോലീസിലും ഇയാൾക്കെതിരെ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.

പമ്പ് ജീവനക്കാരെ ആക്രമിച്ചതിനും പോലീസുകാരെ മർദിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ തുടർനടപടികളുമായി മുന്നോട്ടുപോകുമെന്ന് പമ്പുടമ അറിയിച്ചു.

Recent

Load More