സിനാന്റെ പൊള്ളലേറ്റ ദുരൂഹ മരണം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദേശം
പുലാമന്തോൾ: മുഹമ്മദ് സിനാന്റെ ദുരൂഹ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. കേസിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയോടാണ് നിർദേശിച്ചിരിക്കുന്നത്.
കുരുവമ്പലം പൊട്ടിപ്പാറ ഹൗസിൽ ബഷീർ–ജസീമ ദമ്പതികളുടെ 19 വയസ്സുള്ള മകനാണ് മുഹമ്മദ് സിനാൻ. 2026 മാർച്ച് 10ന് മലപ്പുറത്തുനിന്ന് കാണാതായ സിനാനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ മാർച്ച് 11ന് തിരുവനന്തപുരം പൊലീസ് ഹെഡ്ക്വാർട്ടേഴ്സിന് സമീപം പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് സിനാൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു.
സംഭവത്തിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനുള്ള അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്ന പരാതിയാണ് കുടുംബം ഉന്നയിച്ചത്.
സിനാന്റെ അമ്മാവനും ജില്ല മുൻ കെ.എസ്.യു പ്രസിഡന്റുമായ ജിഷാം പുലാമന്തോൾ ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ പരാതിയിലാണ് പുതിയ അന്വേഷണത്തിന് നിർദേശം ലഭിച്ചത്.
മരണത്തിന്റെ യഥാർഥ കാരണം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജിഷാം മാർച്ച് 16ന് അന്നത്തെ മുഖ്യമന്ത്രിക്കും കേരള ഡി.ജി.പിക്കും നിവേദനം നൽകിയിരുന്നു. അഞ്ച് മാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും ആഭ്യന്തര മന്ത്രിയെ സമീപിച്ചത്. തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതിനുള്ള നിർദേശം നൽകിയത്.
