സൈബർ തട്ടിപ്പിന്റെ പണം ഉപയോഗിച്ച് സ്വർണക്കട്ടികൾ വാങ്ങി; മലപ്പുറം സ്വദേശി എറണാകുളത്ത് അറസ്റ്റിൽ
എറണാകുളം: ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ജ്വല്ലറികളിൽ നിന്ന് സ്വർണവും വെള്ളിയും വാങ്ങി കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാന കണ്ണി മലപ്പുറം സ്വദേശി അറസ്റ്റിൽ. മഞ്ചേരി വയപ്പറപ്പടി അവുഞ്ഞിപ്പുറത്ത് വീട്ടിൽ കുഞ്ഞഹമ്മദിന്റെ മകൻ മുഹമ്മദ് ജിഹാദ് (24) ആണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്.
ഇടപ്പള്ളി ടോൾ ജംഗ്ഷനിലെ സ്വർണ വ്യാപാര സ്ഥാപനത്തിൽ നിന്ന് 400 ഗ്രാം സ്വർണവും 90 ഗ്രാം വെള്ളിയും വാങ്ങി 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയ കേസിലാണ് അറസ്റ്റ്. കേസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനകം പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ നടക്കുന്ന സൈബർ തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം ജിഹാദ് ബാങ്ക് അക്കൗണ്ടുകൾ വഴി ജ്വല്ലറികളിലേക്ക് കൈമാറിയാണ് സ്വർണം വാങ്ങിയിരുന്നത്. ഇടപാട് നടന്നതിന് പിന്നാലെ സൈബർ സെല്ലിന്റെ നിർദേശപ്രകാരം ജ്വല്ലറികളുടെ ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യപ്പെടും. ഇതോടെ ജ്വല്ലറികൾക്ക് ലഭിച്ച തുക പിൻവലിക്കാൻ കഴിയാതെ വരുകയും വൻ സാമ്പത്തിക നഷ്ടം നേരിടുകയും ചെയ്യും.
മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയ ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ പ്രധാന അംഗമാണ് പിടിയിലായ ജിഹാദെന്ന് പോലീസ് അറിയിച്ചു. തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കളമശ്ശേരി എസ്.എച്ച്.ഒ ബൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സനീഷ് ടി.എസ്, സുബീഷ് പി.പി, സാം ലെസ്‌ലി വൈ, എസ്.സി.പി.ഒമാരായ കലേഷ്, സിജിൽ, വിനു, സി.പി.ഒ മാഹിൻ എന്നിവരും തൃക്കാക്കര സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ഷിബു, സുജിത്ത് എന്നിവരും ചേർന്നാണ് അറസ്റ്റ് നടത്തിയത്.
