വാൽപ്പാറ അപകടം: മരിച്ച അധ്യാപകരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക അനുവദിച്ചു

August 14, 2026 - By MalappuramMedia

മലപ്പുറം: വാൽപ്പാറയിൽ വാഹനാപകടത്തിൽ മരിച്ച മലപ്പുറം പാങ്ങ് ജി.എൽ.പി/ജി.യു.പി സ്കൂളിലെ അധ്യാപകരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി പ്രകാരം 16 ലക്ഷം രൂപ വീതം അനുവദിച്ചു. ഗ്രൂപ്പ് ഇൻഷുറൻസ് തുകയ്ക്ക് പുറമെ ജീവൻരക്ഷാ പദ്ധതി പ്രകാരം 15 ലക്ഷം രൂപ വീതം കൂടി ഓരോ കുടുംബത്തിനും അനുവദിക്കും. ഇതോടെ ഓരോ കുടുംബത്തിനും 31 ലക്ഷം രൂപ വീതം ലഭിക്കും.

2026 ഏപ്രിൽ 17ന് വൈകുന്നേരമാണ് വാൽപ്പാറ-പൊള്ളാച്ചി റൂട്ടിൽ 13-ാം വളവിന് സമീപം അപകടമുണ്ടായത്. ചാലക്കുടി, അതിരപ്പിള്ളി, മലക്കപ്പാറ വഴി വാൽപ്പാറയിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.

പാങ്ങ് ജി.എൽ.പി/ജി.യു.പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും അവരുടെ കുട്ടികളും അടക്കം 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട വാഹനം റോഡിൽനിന്ന് തെന്നിമാറി ഏകദേശം 300 മുതൽ 600 അടി വരെ ആഴമുള്ള കൊക്കയിലേക്ക് മറിഞ്ഞ് പൂർണമായും തകർന്നു.

അപകടത്തിൽ നിരവധി പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ പൊള്ളാച്ചിയിലെയും കോയമ്പത്തൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കിടെ മരണസംഖ്യ പിന്നീട് 10 ആയി ഉയർന്നു.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും കേരള, തമിഴ്നാട് സർക്കാരുകൾ അടിയന്തര സഹായം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഗ്രൂപ്പ് ഇൻഷുറൻസ്, ജീവൻരക്ഷാ പദ്ധതികൾ പ്രകാരമുള്ള ധനസഹായം അനുവദിച്ചത്.

Category: മങ്കട

Recent

Load More