മൂലകോശം തേടി റാഫിയ; മഞ്ചേരിയിൽ ഓഗസ്റ്റ് 15ന് രജിസ്ട്രേഷൻ ക്യാമ്പ്
മലപ്പുറം: അപൂർവ രോഗാവസ്ഥയെ തുടർന്ന് ജീവൻ രക്ഷിക്കാൻ അനുയോജ്യമായ മൂലകോശം തേടുന്ന റാഫിയ ഷെറിന് പ്രതീക്ഷയോടെ മഞ്ചേരിയിലെ പഴയ വിദ്യാലയമുറ്റം. സിവിയർ അപ്ലാസ്റ്റിക് അനീമിയ ബാധിച്ച റാഫിയയ്ക്കായി മൂലകോശ ദാതാക്കളെ കണ്ടെത്തുന്നതിനുള്ള രജിസ്ട്രേഷൻ ക്യാമ്പ് ഓഗസ്റ്റ് 15ന് മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസിൽ നടക്കും.
മഞ്ചേരിക്കടുത്ത ആമയൂർ സ്വദേശിനിയായ റാഫിയയും ഭർത്താവ് ഫവാസ് അഹമ്മദും ലണ്ടനിലെ മാഞ്ചസ്റ്ററിലാണ് താമസം. രോഗം ഭേദമാക്കാനുള്ള പ്രധാന മാർഗം അനുയോജ്യമായ മൂലകോശം മാറ്റിവയ്ക്കുകയാണെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
ക്യാമ്പിൽ ദാതാക്കളാകാൻ സന്നദ്ധരാകുന്നവരുടെ വായിൽനിന്ന് പഞ്ഞി ഉപയോഗിച്ച് സ്രവസാമ്പിൾ ശേഖരിക്കും. പരിശോധനയിലൂടെ റാഫിയയുമായി യോജിക്കുന്ന എച്ച്.എൽ.എ (ഹ്യൂമൻ ല്യൂക്കോസൈറ്റ് ആന്റിജൻ) ഉള്ള ദാതാവിനെ കണ്ടെത്തിയാൽ തുടർനടപടികളിലൂടെ മൂലകോശം ശേഖരിച്ച് റാഫിയയ്ക്ക് മാറ്റിവയ്ക്കാനാകും.
സിവിയർ അപ്ലാസ്റ്റിക് അനീമിയയിൽ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ തന്നെ അസ്ഥിമജ്ജയിലെ മൂലകോശങ്ങളെ തകരാറിലാക്കുന്നതാണ് പ്രധാന പ്രശ്നം. രക്തഗ്രൂപ്പ് പൊരുത്തപ്പെടുന്നതിന് സമാനമായി എച്ച്.എൽ.എ യോജിക്കുന്ന ദാതാവിനെയാണ് ആവശ്യമായത്. പത്ത് ലക്ഷത്തിൽ ഒരാൾ എന്ന തോതിൽ മാത്രമാണ് അനുയോജ്യമായ എച്ച്.എൽ.എ പൊരുത്തം ലഭിക്കാറുള്ളത്.
റാഫിയ പഠിച്ച മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസിൽ തന്നെയാണ് ഇത്തവണ ദാതാക്കളെ തേടിയുള്ള ക്യാമ്പ് സംഘടിപ്പിക്കുന്നത്. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഇവിടെ പഠിച്ച റാഫിയയ്ക്കായി പഴയ കൂട്ടുകാരും നാട്ടുകാരും ചേർന്നാണ് ബഹുജന കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്.
മൂലകോശ ദാതാക്കളുടെ ആഗോള ശൃംഖലയായ ഡി.കെ.എം.എസ് ഇന്ത്യ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ക്യാമ്പ്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ റാഫിയ 2019ലാണ് ലണ്ടനിലെത്തിയത്. ലങ്കാഷെയറിൽനിന്ന് ഇന്റർകൾച്ചറൽ ബിസിനസ് കമ്മ്യൂണിക്കേഷനിൽ പി.ജി. നേടിയ ശേഷം അവിടെ ജോലി ചെയ്തുവരികയായിരുന്നു.
വാഴക്കാട് സ്വദേശിയായ ഫവാസ് അഹമ്മദ് ജർമനിയിൽ എൻജിനിയറായി ജോലി ചെയ്തിരുന്നു. റാഫിയയുടെ ചികിത്സയ്ക്കായി അനുയോജ്യമായ ദാതാവിനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും സുഹൃത്തുക്കളും നാട്ടുകാരും.
മൂലകോശദാനം എങ്ങനെ! :
18 മുതൽ 50 വയസ്സുവരെയുള്ള, ആരോഗ്യശാലിയായ ഏതൊരാൾക്കും മൂലകോശ ദാതാവാകാം. ഏജൻസിയുടെ വെബ്‌സൈറ്റ് വഴിയോ ക്യാമ്പുകൾ വഴിയോ ദാതാവായി രജിസ്റ്റർചെയ്യാം. സ്റ്റെംസെൽ ദാനംചെയ്യുന്നത് പൂർണ്ണമായും സുരക്ഷിതമാണ്. രക്തദാനംപോലുള്ള രീതിയാണ് സ്വീകരിക്കുക. ശസ്ത്രക്രിയ ആവശ്യമില്ല. ദീർഘകാല പാർശ്വഫലങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകാറില്ല. രജിസ്‌ട്രേഷനും വിവരങ്ങൾക്കും ഫോൺ: 9846863535,7994408502.
