25.1 ഗ്രാം കൊക്കെയ്‌നുമായി എടവണ്ണ സ്വദേശിയായ യുവാവ് പിടിയിൽ
എടവണ്ണ: വിൽപ്പനയ്ക്കായി സൂക്ഷിച്ച 25.1 ഗ്രാം കൊക്കെയ്‌നുമായി യുവാവ് പിടിയിൽ. എടവണ്ണ ഐന്തൂർ സ്വദേശി മണ്ണിൽകടവൻ അൻഫാസ് (27) ആണ് പിടിയിലായത്.
ബുധനാഴ്ച രാവിലെ ആറോടെ കോഴിക്കോട് മുക്കത്ത് വെച്ച് 19.7 ഗ്രാം കൊക്കെയ്‌നുമായി മുക്കം പൊലീസ് അൻഫാസിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഡാൻസാഫ് എസ്.ഐ. പി. ജയകൃഷ്ണന്റെ നേതൃത്വത്തിൽ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മെത്തയ്ക്കടിയിൽ സൂക്ഷിച്ചിരുന്ന 5.4 ഗ്രാം കൊക്കെയ്ൻ കൂടി കണ്ടെത്തിയത്.
എ.എസ്.ഐ. സി.ടി. സാബിറ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സക്കീറലി, സിവിൽ പൊലീസ് ഓഫീസർ സി.വി. സ്നേഷ്, ഡാൻസാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ടി. നിബിൻ ദാസ് എന്നിവരടങ്ങിയ സംഘമാണ് തുടർ അന്വേഷണം നടത്തുന്നത്.
