വേങ്ങരയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
വേങ്ങര: കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. വലിയോറ പരപ്പിൽപാറ ചെള്ളി ആലസന്റെയും പാത്തുമ്മുവിന്റെയും മകൻ മുഹമ്മദ് സജീർ (44) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മാമാട് പാലത്തിന് സമീപമായിരുന്നു അപകടം. പുതുപ്പറമ്പ് ഭാഗത്തുനിന്ന് എത്തിയ സജീറിന്റെ സ്കൂട്ടറിൽ പുത്തനങ്ങാടി ഭാഗത്തുനിന്ന് പാലം കടന്ന് എതിർദിശയിലേക്ക് എത്തിയ കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട കാർ 50 മീറ്ററിലേറെ മുന്നോട്ട് പോയ ശേഷമാണ് നിന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജീർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
മനാട്ടിപറമ്പ് സ്വദേശികളായ നാല് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ഇവരിൽ മുഹമ്മദ് അഫ്രീദ് (19), പി. നിഷ്ഹാൻ റഷീദ് (19) എന്നിവർ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മുഹമ്മദ് സജീറിന്റെ ഖബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് പുത്തനങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഭാര്യ: സൈറാ ബാനു (മുൻ പഞ്ചായത്ത് അംഗം). മക്കൾ: ഫാത്തിമ ഷിബ, ഷെബിൻ, ഷൈബ, മറിയം. സഹോദരങ്ങൾ: ശമീർ, ശിഹാബ്, നൗഫൽ, മുംതാസ്.
