പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശം; മലപ്പുറത്ത് 11 വില്ലേജുകൾ  കരട് വിജ്ഞാപനത്തിൽ

August 11, 2026 - By MalappuramMedia


മലപ്പുറം: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശവുമായി (ഇ.എസ്.എ.) ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏഴാം കരട് വിജ്ഞാപനത്തിൽ മലപ്പുറം ജില്ലയിലെ 11 വില്ലേജുകൾ ഉൾപ്പെട്ടു. അമരമ്പലം, അകമ്പാടം, ചുങ്കത്തറ, എടക്കര, വഴിക്കടവ്, മൂത്തേടം, കുറുമ്പലങ്ങോട്, ചോക്കാട്, കാളികാവ്, പോത്തുകല്ല്, കരുവാരകുണ്ട് എന്നീ വില്ലേജുകളാണ് പട്ടികയിലുള്ളത്.

സംസ്ഥാനത്ത് ആകെ 131 വില്ലേജുകളാണ് ഏഴാം കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. പഞ്ചായത്ത്, വില്ലേജ് വിഭജനത്തെ തുടർന്നാണ് സംസ്ഥാനത്തെ വില്ലേജുകളുടെ എണ്ണം 123ൽനിന്ന് 131 ആയി ഉയർന്നത്. എന്നാൽ ഇ.എസ്.എയുടെ ആകെ വിസ്തൃതിയിൽ മാറ്റമുണ്ടായിട്ടില്ല.

വന്യജീവിസങ്കേതങ്ങളും ജനവാസമേഖലകളും വേർതിരിച്ച് സംസ്ഥാനത്തെ 31 വില്ലേജുകൾ പൂർണമായും 92 വില്ലേജുകൾ ഭാഗികമായും ഒഴിവാക്കി ഇ.എസ്.എ. വിസ്തൃതി 8,590.69 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കണമെന്ന ഭേദഗതി നിർദേശം മുൻ ഇടതുപക്ഷ സർക്കാർ കേന്ദ്രത്തിന് നൽകിയിരുന്നു. എന്നാൽ ഈ നിർദേശം അംഗീകരിക്കപ്പെട്ടിരുന്നില്ല. ഏഴാം കരട് വിജ്ഞാപനത്തിലും ഭേദഗതികൾ ഉൾപ്പെടുത്തിയിട്ടില്ല.

ഇ.എസ്.എയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ കൃത്യമായി രേഖപ്പെടുത്താത്തത് കർഷകരെ പ്രയാസത്തിലാക്കുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു. വില്ലേജുകൾ പൂർണമായും ഇ.എസ്.എയിൽ ഉൾപ്പെടുത്തിയാൽ ജനവാസമേഖലകളെയും ബാധിക്കുമെന്ന ആശങ്കയുമുണ്ട്.

അതേസമയം, ഇ.എസ്.എ. വിജ്ഞാപനം അന്തിമമാകുന്നതോടെ ഖനനം, ക്വാറികൾ, റെഡ് കാറ്റഗറി വ്യവസായങ്ങൾ, വലിയ ജലവൈദ്യുത പദ്ധതികൾ, വൻകിട നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ബാധകമാകും. എന്നാൽ നിലവിലുള്ള കൃഷിരീതികൾക്കും കർഷകരുടെയും തദ്ദേശവാസികളുടെയും ദൈനംദിന ജീവിതത്തിനും നിയന്ത്രണമുണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ജൂലൈ 27നാണ് ഏഴാം കരട് വിജ്ഞാപനം പുറത്തിറക്കിയത്. പൊതുജനങ്ങൾക്കും സംസ്ഥാന സർക്കാരിനും 60 ദിവസത്തിനകം നിർദേശങ്ങളും പരാതികളും സമർപ്പിക്കാം. ലഭിക്കുന്ന നിർദേശങ്ങളും പരാതികളും പരിഗണിച്ച ശേഷമായിരിക്കും കേന്ദ്ര സർക്കാർ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക.

Recent

Load More