ലഹരിയിൽ അക്രമാസക്തനായ യുവാവ് അറസ്റ്റിൽ; തടയാൻ ശ്രമിച്ച പൊലീസിനും പെട്രോൾ പമ്പ് ജീവനക്കാർക്കും മർദനം

August 11, 2026 - By MalappuramMedia




പരപ്പനങ്ങാടി: ലഹരിയിലായിരുന്ന് പെട്രോൾ പമ്പിൽ അതിക്രമിച്ചുകയറി ജീവനക്കാരെ മർദിക്കുകയും തടയാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് കറാച്ചന്റെ പുരയ്ക്കൽ മുഹമ്മദ് സാദിഖ് (26) ആണ് പരപ്പനങ്ങാടി പൊലീസിന്റെ സാഹസിക നീക്കത്തിനൊടുവിൽ പിടിയിലായത്.

ഞായറാഴ്ച വൈകീട്ട് ആനങ്ങാടിയിൽ പെട്രോൾ അടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പെട്രോൾ പമ്പ് ജീവനക്കാരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തതിനെ തുടർന്ന് വിവരമറിഞ്ഞ് പരപ്പനങ്ങാടി പൊലീസ് സ്ഥലത്തെത്തി.

പരപ്പനങ്ങാടി എസ്.എച്ച്.ഒ. സ്റ്റെപ്റ്റോ ജോൺ, എസ്.ഐ. മുഹ്‌സിൻ, സി.പി.ഒമാരായ രാഹുൽ, സിബി എബ്രഹാം എന്നിവരടങ്ങിയ പൊലീസ് സംഘത്തെയും യുവാവ് ആക്രമിച്ചതായി പൊലീസ് പറഞ്ഞു. സംഘർഷത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പൊലീസ് വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു.

മുഹമ്മദ് സാദിഖിനെതിരെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പൊലീസുകാരെ മർദിച്ചതിനും കൂട്ടുമൂച്ചി ബിവറേജസ് ജീവനക്കാരെ ആക്രമിച്ചതിനും കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിരൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Recent

Load More