ഒരു വർഷം തികയും മുമ്പ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു
വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മൻസൂർ കോയ തങ്ങൾ രാജിവെച്ചു. ഒരു പ്രതിപക്ഷ അംഗം പോലുമില്ലാതെ യു.ഡി.എഫ് ഭരിക്കുന്ന വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ ഒരു വർഷം തികയുന്നതിന് മുമ്പാണ് പ്രസിഡന്റ് സ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുന്നത്. യു.ഡി.എഫ് ഐകകണ്ഠേനയാണ് മൻസൂർ കോയ തങ്ങളെ പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നത്.
ഊരകം പഞ്ചായത്തിൽ മുസ്‌ലിം ലീഗ് കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് മൻസൂർ കോയ തങ്ങൾ. സൗമ്യനും ആദരണീയനുമായ നേതാവായാണ് ലീഗ് അണികൾ അദ്ദേഹത്തെ കാണുന്നത്. കഴിഞ്ഞ അഞ്ച് വർഷം ഊരകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച ഭരണപരിചയമാണ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നതിന് പ്രധാനമായും കാരണമായത്.
രാജിക്ക് കാരണമെന്തെന്ന ചോദ്യത്തിൽനിന്ന് ലീഗ് നേതൃത്വം ഒഴിഞ്ഞുമാറുകയാണ്. വിവാദങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ പ്രസിഡന്റിന്റെ അപ്രതീക്ഷിത രാജി സാധാരണ യു.ഡി.എഫ് പ്രവർത്തകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. രാജിക്ക് പിന്നിലെ കാരണം എന്താണെന്നും അടുത്ത പ്രസിഡന്റായി ആരെത്തുമെന്നുമാണ് അണികൾക്കിടയിലെ പ്രധാന ചർച്ച.
എന്നാൽ രാജിക്ക് പ്രത്യേക കാരണങ്ങളൊന്നുമില്ലെന്നാണ് കെ.കെ. മൻസൂർ കോയ തങ്ങൾ പ്രതികരിച്ചത്. നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് രാജി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. “നേതൃത്വത്തിന് വഴങ്ങി പ്രവർത്തിക്കുന്ന ഒരു സാധാരണ പ്രവർത്തകനാണ് ഞാൻ. നേതൃത്വം ആവശ്യപ്പെട്ടു, അപ്പോൾത്തന്നെ രാജി കൊടുക്കുകയും ചെയ്തു,” അദ്ദേഹം വ്യക്തമാക്കി.
അതേസമയം, രാജിയെക്കുറിച്ച് മുസ്‌ലിം ലീഗ് നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
