മനസ്സിൽ മുളപൊട്ടിയ വിജയം; മികച്ച ഭിന്നശേഷി കർഷകനായി കോഡൂരിലെ തോരപ്പ മുസ്തഫ

August 10, 2026 - By MalappuramMedia



മലപ്പുറം: പ്രതിസന്ധികളെ അതിജീവിച്ച് കൃഷിയിൽ വേറിട്ട മാതൃക തീർത്ത കോഡൂർ ചെമ്മക്കടവിലെ തോരപ്പ മുസ്തഫ സംസ്ഥാനത്തെ മികച്ച ഭിന്നശേഷി കർഷകനുള്ള പുരസ്കാരത്തിന് അർഹനായി. അപകടത്തെ തുടർന്ന് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടെങ്കിലും ജീവിതം കിടക്കയിലൊതുക്കാതെ കൃഷിയിലൂടെ മുന്നേറിയതാണ് മുസ്തഫയുടെ വിജയഗാഥ.

1994ൽ മലപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് മുസ്തഫയ്ക്ക് അരയ്ക്കുതാഴെ ചലനശേഷി നഷ്ടമായത്. എന്നാൽ തളരാതെ ഇൻഷുറൻസ് തുക ഉപയോഗിച്ച് ചട്ടിപ്പറമ്പ് ചേങ്ങോട്ടൂരിൽ ഒന്നേകാൽ ഏക്കർ സ്ഥലം വാങ്ങി കൃഷിയിലേക്ക് തിരിഞ്ഞു. ഔഷധസസ്യങ്ങൾ നട്ടുവളർത്തി തുടങ്ങിയ കൃഷിയിടം ഇന്ന് 360ലേറെ സസ്യങ്ങളുള്ള ഔഷധത്തോട്ടമായി മാറിയിട്ടുണ്ട്.

അണലിവേഗം, സർപ്പഗന്ധി, കരിമഞ്ഞൾ, നാഗപ്പൂമരം, ദന്തപ്പാല, കരിങ്ങോട്ട തുടങ്ങിയ നിരവധി ഔഷധസസ്യങ്ങൾ ഇവിടെ വളരുന്നുണ്ട്. വീൽചെയറിലിരുന്ന് എളുപ്പത്തിൽ കൃഷിയിടം പരിപാലിക്കാൻ കഴിയുന്ന തരത്തിലാണ് തോട്ടം ക്രമീകരിച്ചിരിക്കുന്നത്.

ചെറുകുളമ്പിൽ 140ഓളം വിളകളുള്ള പഴത്തോട്ടവും മുസ്തഫ ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക് കൃഷിയുടെ പാഠങ്ങൾ പകർന്നുനൽകാനും അദ്ദേഹം സമയം കണ്ടെത്തുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വിവിധ സംഘടനകൾക്കും സ്കൂളുകൾക്കും പ്രതിവർഷം രണ്ടായിരത്തോളം വൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു.

‘പ്രാണനുവേണ്ടി ഒരു മരം’ എന്നതാണ് 59കാരനായ മുസ്തഫയുടെ വിജയമന്ത്രം. ഭാര്യ സഫിയ, മകൻ മുർഷിദ്, മരുമകൾ സരോഹ ഫാത്തിമ, പേരക്കുട്ടികൾ എന്നിവരുടെ പിന്തുണയും അദ്ദേഹത്തിന്റെ കൃഷിയാത്രയ്ക്ക് കരുത്തേകുന്നു.

Recent

Load More